നൈപുണ്യ പരിചയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജൂലൈ 30ന്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്‍റെ ( ASAP അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം ) ആഭിമുഖ്യത്തിൽ നടത്തുന്ന കെ-സ്കിൽ ക്യാമ്പയിന്‍റെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സംഘടിപ്പിക്കുന്ന നൈപുണ്യ പരിചയ മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജൂലൈ 30ന് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന മേള കെ-സ്കിൽ ക്യാമ്പയിന്‍റെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാകും.

ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, അധ്യാപക പൊതുസമൂഹം എന്നിവയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്.

വിവിധ തൊഴിൽ മേഖലകൾ, അതുമായി ബന്ധപ്പെട്ട കോഴ്സുകൾ, കോഴ്സിന്‍റെ പ്രത്യേകതകൾ, സർട്ടിഫിക്കേഷന്‍, ഇത്തരം കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയാൽ, ലഭിക്കാൻ സാധ്യതയുള്ള തൊഴിലവസരങ്ങൾ, പരിശീലനം നൽകുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങൾ മുതലായവയെ കുറിച്ച് പൂർണ്ണമായ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുവാൻ ഉതകുന്ന രീതിയിലാണ് മേള.

ഐ.ടി, മീഡിയ, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, സ്പോർട്സ് (ഫിറ്റ്നസ് ട്രെയിനർ ), മാനേജ്മെന്റ് എന്നീ തൊഴിൽ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സ്കിൽ ടോക്കും, വിദ്യാർത്ഥികളെ തൊഴിൽ കമ്പോളത്തിലേക്ക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്ലേസ്മെന്റ് ഗ്രൂമിംഗുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം പരിശീലന പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ട് 15 ഓളം തൊഴിൽ മേഖലകളിൽ ആകർഷകമായ നൈപുണ്യ സ്റ്റോളുകൾ സജ്ജമാക്കി എക്സിബിഷനും, സംശയനിവാരണവും വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലന രംഗത്തെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കാനുള്ള അവസരവും മേളയിലൂടെ ഒരുക്കും.

വിദ്യാർത്ഥികൾക്ക് അവരവരുടെ അഭ്യുക്കനുസരിച്ച് കോഴ്സുകൾ മനസ്സിലാക്കാനും, കോഴ്സുകളിൽ രജിസ്റ്റർ ചെയ്യുവാനും മേളയിൽ അവസരമുണ്ടാകും.

അതോടൊപ്പം കെ-സ്കിൽ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് കേരള നോളജ് എക്കോണമി മിഷൻ വഴി ലഭ്യമായ സ്കോളർഷിപ്പുകൾ, കാനറ ബാങ്കുമായി സഹകരിച്ച് ലഭ്യമാക്കുന്ന സ്കിൽ ലോൺ തുടങ്ങിയ വിവരങ്ങളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മേളയിൽ ലഭ്യമാകും.

കൂടുതൽ യുവജനങ്ങളെ നൈപുണ്യ പരിശീലനത്തിലേക്ക് ആകർഷിച്ച് കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ ഇതൊരു കുതിച്ചുചാട്ടമായി മാറുമെന്ന് ഇരിങ്ങാലക്കുട പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. അസാപ് സംസ്ഥാന കോഓർഡിനേറ്റർ വര്ഗീസ് , ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കപറമ്പിൽ എന്നിവർ സംബന്ധിച്ചു.

Leave a comment

Top