“നവ്യം” – ‘യൗവനത്തിൻ കലൈയാട്ടം’ – ആഗസ്റ്റ് 13,14 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാധനരും, പ്രതിബദ്ധരുമായ യുവകലാകാരന്മാരുടെ വിവിധങ്ങളായ രംഗകലാവതരണത്തിനായി “നവ്യം” – യൗവനത്തിൻ കലൈയാട്ടം എന്നപേരിൽ വേദിയൊരുങ്ങുന്നു.

സോപാനസംഗീതം, കർണ്ണാടകസംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കൂച്ചിപ്പൂടി, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളിൽ ഇന്നത്തെ തലമുറയിലെ കഴിവുറ്റ യുവ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് ഈ ദ്വിദിനപരിപാടികൾ രൂപകല്പന ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 13,14 (ശനി ,ഞായർ) തിയ്യതികളില്‍ ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിലാണ് രണ്ടുദിവസപരിപാടികളും അരങ്ങേറുക.

കഴിവുള്ള യുവകലാകാരന്മാർക്ക് കലാരംഗത്ത് ആത്മവിശ്വാസത്തോടെ മുന്നേറുവാനും, അവരുടെ പേരുകള്‍ കൃത്യമായരീതിയിൽ കലാലോകത്ത് അടയാളപ്പെടുത്തുവാനും ഉതകുന്നതരത്തിലുള്ള ഒരു രംഗവേദിയാക്കി മാറ്റുവാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. രണ്ടുദിവസങ്ങളിലായി ഏകദേശം 22മണിക്കൂർ നീണ്ടുനില്ക്കുന്ന ഈ പരിപാടിയിൽ വിവിധ രംഗകലാവതരണങ്ങൾക്കൊപ്പം ചൊല്ലിയാട്ടങ്ങളും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.

സർക്കാരിന്റേയും, മറ്റ് സാംസ്ക്കാരിക സംഘടനകളുടേയും സഹകരണം ഉറപ്പാക്കാൻ ചർച്ചകൾ നടന്നു വരുന്നു. അറുപതിൽപ്പരം യുവകലാകാരന്മാർ പങ്കെടുക്കുന്ന കലാമേളയുടെ വിശദാംശങ്ങൾ പിന്നിട് അറിയിക്കുന്നതാണ് എന്ന് ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ അറിയിച്ചു.

Leave a comment

Top