തിരുവോണപിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പുലിക്കളി ആഘോഷം സംഘടിപ്പിക്കും

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തിരുവോണപിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ പുലിക്കളി ആഘോഷം സംഘടിപ്പിക്കുമെന്ന് വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. 2019 സെപ്തംബര്‍ 12നാണ് (തിരുവോണപിറ്റേന്ന്) ഇരിങ്ങാലക്കുടയില്‍ ആദ്യമായി വിപുലമായ പുലിക്കളി ആഘോഷം സംഘടിപ്പിച്ചത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷവും കൊറോണ മൂലം പുലിക്കളി ആഘോഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഈ വര്‍ഷം തിരുവോണപിറ്റേന്ന് (സെപ്തംബര്‍ 9ന്) ഉച്ചതിരിഞ്ഞ് 2 മണിക്ക് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന പുലിക്കളി ആഘോഷം സിനിമാതാരം ഇന്നസെന്റ് ഉദ്‌ഘാടനം ചെയ്യും. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സതീശന്‍ നീലങ്കാട്ടില്‍ അധ്യക്ഷത വഹിക്കും.

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ മണപ്പുറം മുഖ്യാതിഥിയായിരിക്കും. നഗരസഭ മൈതാനത്ത് സമാപിക്കുന്ന പുലിക്കളി ആഘോഷ സമാപന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.

Leave a comment

Top