ചാവറയച്ചനെ ഒഴിവാക്കിയത് – വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന മന്ത്രിയുടെ വിശദീകരണം ശ്രദ്ധ തിരിക്കാന്‍ : ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : കേരളത്തിന്‍റെ നവോത്ഥാന പാതയില്‍ അഗ്രഗാമിയായ ചാവറ കുരിയാക്കോസ് ഏലിയാസച്ചനെ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ തമസ്‌ക്കരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന, വിദ്യാഭ്യാസ വകുപ്പിന്‍റെ കുറ്റകരമായ പിഴവിന് മറയിടാനും പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പത്രക്കുറിപ്പിൽ വിമർശനം.

വിവാദമായ പാഠഭാഗം വായിക്കാന്‍ മെനക്കെടാതെ വിദ്യാഭ്യാസ വകുപ്പിലെ തല്‍പരകക്ഷികളായ ബുദ്ധിജീവികള്‍ പറഞ്ഞുകൊടുത്തത് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉരുവിടുകയായിരുന്നു മന്ത്രിയെന്ന് സംശയിക്കണം. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന തര്‍ക്കുത്തരം നല്‍കുന്ന ശൈലിയാണിത്.

കേരളത്തിലെ നവോത്ഥാന നായകന്മാരെ പരിചയപ്പെടത്തുന്ന ഏഴാം ക്ലാസിലെ പാഠത്തില്‍ ചാവറയച്ചനെപ്പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല. ഇതു എന്തുകൊണ്ടാണെന്ന് മന്ത്രി മറുപടി പറഞ്ഞില്ല. പകരം, മറ്റു രണ്ടു ക്ലാസുകളിലെ പാഠഭാഗത്ത് അദ്ദേഹത്തെപ്പറ്റി ‘പരാമര്‍ശിക്കുന്നുണ്ട്’ എന്ന ബാലിശമായ ന്യായീകരണമാണ് നല്‍കിയത്. അതില്‍ പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ ചാവറയച്ചനെപറ്റി അദ്ദേഹം അനാഥാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചുവെന്ന ഒറ്റവരി പരാമര്‍ശമാണുള്ളത്.

പന്ത്രണ്ടാം ക്ലാസിലെ പുസ്തകത്തില്‍ അദ്ദേഹത്തെപ്പറ്റി അഞ്ചു വരി പരാമര്‍ശവുമുണ്ട്. ഇതാണ് മന്ത്രി പറയുന്ന ന്യായീകരണം. കേരളത്തിന്റെ നവോത്ഥാനത്തെപ്പറ്റി രണ്ടുതരം ചരിത്രമുണ്ടെന്നാണോ ഇതിന്റെ അര്‍ത്ഥം? ഒരേ കാര്യത്തില്‍ രണ്ടു തരം ചരിത്രം രചിക്കുന്ന വിദ്യാഭ്യാസ വകുപ്പിനും പാഠ്യപദ്ധതിയുടെ സ്രഷ്ടാക്കളായ വിദഗ്ധ സമിതിയും ഒരു പുനര്‍വിചന്തനത്തിന് തയ്യാറാകണം.

ക്രൈസ്തവര്‍ക്ക് ആരുടെയും ഔദാര്യമോ സൗജന്യമോ ആവശ്യമില്ല. വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന വക്രീകരിച്ച ഈ അസംബന്ധ ചരിത്രം അടിയന്തരമായി തിരുത്തുകയാണ് വേണ്ടത്. കേരളീയ നവോത്ഥാന ചരിത്രത്തെ പ്രത്യയശാസ്ത്ര കണ്ണടയില്ലാതെ വായിക്കാന്‍ കഴിയുന്നവരെ ബന്ധപ്പെട്ട കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തണം. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ കേരളീയ നവോത്ഥാനത്തിന്റെ പെരുന്തച്ചനായ ചാവറയച്ചനും അദ്ദേഹത്തിന്റെ മുന്‍ഗാമികളായ മിഷനറിമാര്‍ക്കും അര്‍ഹതപ്പെട്ട അംഗീകാരം നല്‍കുകയും വേണം – പത്രക്കുറിപ്പ് വ്യക്തമാക്കി.

Leave a comment

Top