ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയൽ ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം ഭക്ഷണ വിതരണം ആറാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട : ഗവ. ജനറൽ ആശുപത്രിയൽ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി അഞ്ച് വർഷം പൂർത്തീകരിച്ച് ആറാം വർഷത്തിലേക്ക് കടന്നു. 2017 ജൂൺ 10 ന് 200 പേർക്ക് ഭക്ഷണം നൽകി ആരംഭിച്ച പരിപാടി ദിവസവും ശരാശരി 150 മുതൽ 250 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന നിലയിലാണ് നടന്നു വരുന്നത്.

ബ്ലോക്കിലെ 15 മേഖല കമ്മിറ്റികളിൽ നിന്നുള്ള 138 യൂണിറ്റുകൾക്കാണ് ഓരോ ദിവസവും ഭക്ഷണം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ യൂണിറ്റ് പ്രദേശങ്ങളിലെ വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ചാണ് ഹോസ്പ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തിവരുന്നത്.

കഴിഞ്ഞ അഞ്ച് വർഷക്കാലവും ഭക്ഷണവിതരണത്തോടൊപ്പം തന്നെ ഭക്ഷണവുമായി വരുന്ന യൂണിറ്റുകളിലെ പ്രവർത്തകർ ആവശ്യമുണ്ടെങ്കിൽ രക്തം ദാനവും ചെയ്യുന്നുണ്ട്. എകദേശം നാല് ലക്ഷം പൊതിച്ചോറുകൾ ഈ കാലയളവിൽ ഡിവൈഎഫ്ഐ വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷണ വിതരണ വാർഷിക ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻവി വൈശാഖൻ ജില്ലാ പ്രസിഡണ്ട് ആർ.എൽ ശ്രീലാൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ അതീഷ് ഗോകുൽ അദ്ധ്യക്ഷത വഹിച്ചു.

ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ രാജേഷ്, നഴ്സിംഗ് സൂപ്പർവൈസർ ഷൈനി, ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബ്ലോക്ക് ജോ. സെക്രട്ടറി വിഷ്ണു പ്രഭാകരൻ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രസി പ്രകാശൻ, ഒ.ജെ ജോജി, ബ്ലോക്ക് കമ്മിറ്റിയംഗംങ്ങളായ അഖിൽ ലക്ഷ്മണൻ,വിവേക് ചന്ദ്രൻ,കെ.കെ രാമദാസ്, അജിത്ത് കെ.വി എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

ബ്ലോക്ക് സെക്രട്ടറി പി.കെ മനുമോഹൻ സ്വാഗതവും ബ്ലോക്ക് ജോ.സെക്രട്ടറി ശരത് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ഐ.എൻ.എസ് കാറ്ററിംങ്ങ് സർവ്വീസ് കാറളം വക സൗജന്യമായി വച്ച് തന്ന ഗോതമ്പ് പായസം ഭക്ഷണ വിതരണത്തോടൊപ്പം നൽകുകയും ചെയ്തു.

Leave a comment

Top