അമ്മന്നൂർ ഗുരുകുലം ഗുരുസ്മരണ നിർവ്വഹണോത്സവം ഉദ്ഘാടനം കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി രാജൻ നിർവഹിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുസ്മരണ മഹോത്സവത്തിൻ്റെ ഭാഗമായി നിർവ്വഹണോത്സവം കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ ജി പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ ആശംസയും ഗുരുകുലം പ്രസിഡൻ്റ് നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെമിനാറിൽ കെ ജി പൗലോസ് നിർവ്വഹണം കൂടിയാട്ടത്തിൻ്റെ ആന്തരിക സൗന്ദര്യം എന്ന വിഷയത്തിലും ഡോ. കണ്ണൻ പരമേശ്വരൻ ഏകാഹാര്യ അഭിനയം കൂടിയാട്ടത്തിലും കഥകളിയിലും എന്ന വിഷയത്തിലും ഇന്ദു ജി നാടകാഗമനം കൂടിയാട്ടത്തിൽ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

വൈകീട്ട് മാർഗി മധു ചാക്യാർ അശോകവനികാങ്കം നിർവ്വഹണം അവതരിപ്പിക്കും. കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യജിനേഷ്, നേപത്ഥ്യ അശ്വിൻ എന്നിവർ മിഴിവിലും കലാനിലയം രാജൻ ഇടക്കയിലും സരിതാ കൃഷ്ണ കുമാർ, ഗുരുകുലം അതുല്ല്യ, ഗുരുകുലം വിഷ്ണുപ്രിയ എന്നിവർ താളത്തിലും കലാനിലയം സുന്ദരൻ ചമയത്തിലും പങ്കെടുക്കും.

ഗുരുസ്മരണ മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഞായറാഴ്ച ആചാര്യസ്മൃതി നടക്കും അമ്മന്നൂർ മാധവ ചാക്യാരുടെ പതിന്നാലാമത് അനുസ്മരണം ആചാര്യസ്മൃതിയായി ഞായറാഴ്ച രാവിലെ 9.30ന് കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും പ്രൊഫ. ജോർജ് എസ് പോൾ, രാജേഷ് തമ്പാൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തും കാലടി സംസ്കൃത സർവ്വകലശാല വൈസ് ചാൻസലർ ഡോ. എം വി നാരായണൻ മുഖ്യ അതിഥി ആയിരിക്കും

Leave a comment

Top