ജല ദിനാചരണത്തിലും സംരക്ഷണം കാംക്ഷിക്കുന്ന കുളങ്ങൾ

ഇരിങ്ങാലക്കുട : ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് മാർച്ച് 22ന് ആചരിക്കുന്ന ലോകജലദിനത്തിന്‍റെ ലക്ഷ്യം. ഓരോ ജല ദിനത്തിലും കുളങ്ങളും മറ്റും വൃത്തിയാക്കുന്നതിന്‍റെയും സംരക്ഷണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും നഗരസഭ പരിധിയിലെ വിശാലമായ പല പൊതുകുളങ്ങളും അധികൃതരുടെ അവഗണന മൂലം പായല്‍ നിറഞ്ഞും കാടുപിടിച്ചും നശിക്കുകയാണ് .

നഗരമധ്യത്തിലെ ഞവരിക്കുളവും മാര്‍ക്കറ്റിനു സമീപത്തെ ഊമന്‍കുളവും ഈസ്റ്റ് കോമ്പാറയിലെ ശാസ്ത്രാം കുളവും നാശത്തിന്‍റെ വക്കിലെത്തി. ചെറുതും വലുതുമായ 16 പൊതുകുളങ്ങളാണ് പഴയ പട്ടണപ്രദേശത്തുള്ളത്. നഗരസഭയോടു ചേര്‍ക്കപ്പെട്ട പഴയ പൊറത്തിശേരി പഞ്ചായത്തില്‍ 19 പൊതുകുളങ്ങളുണ്ട്. എന്നാല്‍ നഗരത്തിലെ പൊതുകുളങ്ങള്‍ സംരക്ഷിക്കപ്പെടാതെ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമാവുകയാണ്. ചുറ്റുമുള്ള വിസ്തൃതമായ നെല്‍വയലുകള്‍ നികത്തിയതോടെ ടൗണിന്‍റെ ഹൃദയ ഭാഗത്തെ ഞവരിക്കുളത്തില്‍ വെള്ളം കുറഞ്ഞു ചണ്ടിയും പായലും കുളവാഴകളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ് . നാലുഭാഗവും കെട്ടി ഉയര്‍ത്തിയിട്ടുള്ള കുളത്തില്‍ ഇറങ്ങാന്‍ മൂന്ന് ഭാഗങ്ങളില്‍ വലിയ പടവുകളുണ്ട്. നൂറുകണക്കിനാളുകള്‍ കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്ന കുളം വര്‍ഷങ്ങളായി ആരും ഉപയോഗിക്കാറില്ല. . മൂന്ന് ഭാഗത്തെ പടവുകളും കാടുപിടിച്ച് ഉപയോഗ ശുന്യമായി. ഇവിടെ രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. കുളത്തിന്‍റെ മുന്‍ഭാഗത്ത് നാട്ടുകാര്‍ ഇപ്പോള്‍ മാലിന്യം കൊണ്ടിടുന്നതുമൂലം പരിസരം ചീഞ്ഞുനാറുകയാണ്.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഞവരികുളം വൃത്തിയാക്കി നീന്തല്‍കുളമാക്കുമെന്നും കുളത്തിന്‍റെ വശം വീതികൂട്ടി ജോഗിംഗിന് സൗകര്യമൊരുക്കുമെന്നും രാഷ്ട്രീയ കക്ഷികള്‍ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും കുളത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഞവരിക്കുളം നവീകരിച്ചു കുളത്തിനു സമീപം ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞ നഗരസഭ ഭരണസമിതി നടപടികള്‍ ആരംഭിച്ചെങ്കിലും ഈ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. ടൈല്‍ വിരിക്കുന്നതിനും മറ്റും ചെലവാക്കിയ ലക്ഷങ്ങള്‍ ഇതു മൂലം പാഴായി. കുളവും പരിസരവും ശൂചീകരിച്ചു സംരക്ഷിക്കാന്‍ സന്നദ്ധ സംഘടനകള്‍ രംഗത്തു വന്നെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്നു കാര്യമായ സഹകരണം ലഭിച്ചില്ലെന്നും പരാതിയുണ്ട്.

ഈ സ്ഥിതി തന്നെയാണ് നഗരസഭാതിര്‍ത്തിയിലെ മറ്റു കുളങ്ങള്‍ക്കുമുള്ളത്. കോമ്പാറ കിഴക്കുവശം 18-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 65 സെന്റ് വിസ്തൃതിയുള്ള വേനല്‍കാലത്തും വറ്റാത്ത ഉറവയുള്ള ശാസ്ത്രംകുളം നൂറോളം കുടുംബങ്ങള്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കും അനുദിന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ജലസംഭരണിയാണ്. ഒരു ഭാഗം മാത്രമാണ് കരിങ്കല്‍ഭിത്തി കെട്ടിയിരിക്കുന്നത്. മറ്റു വശങ്ങള്‍ സംരക്ഷണ ഭിത്തി ഇല്ലാത്തതിനാല്‍ മണ്ണിടിയുകയും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടടങ്ങളും മൂലം ആകെ മലിനമായി തീരുകയും ചെയ്തതോടെ നാട്ടുകാർക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. നഗരസഭാ ചെയര്‍പേഴ്‌സന്‍റെ വാര്‍ഡില്‍ ആയിരുന്നിട്ടുപോലും അവഗണനയാണെന്നാണ് പരിസരവാസികളുടെ പരാതി..

കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ കുട്ടംകുളവും തെക്കേകുളവും ഇപ്പോഴും ജലസമൃദ്ധമാണ്. മൂര്‍ക്കനാട്ടെ കാഞ്ഞാംപിള്ളികുളം, വാലാഞ്ചിറ, കാഞ്ഞാണികുളം, ചാത്തംകുളം, എടേഴത്ത് കുളം എന്നിവ കെട്ടി സംരക്ഷിച്ച് ശുദ്ധജല സ്രോതസാക്കണം. കുഴിക്കാട്ടുകോണത്തെ അങ്ങാടിക്കുളവും മാപ്രാണത്തെ തൂറുകായ്കുളവും ചളിനീക്കി കെട്ടിസംരക്ഷിച്ചാൽ ചെറുകിട ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് സാധ്യതയേറെയാണ്. ഇവയെല്ലാം നവീകരിച്ചു വരും തലമുറയ്ക്കു കൂടി ഗുണകരമായ രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ സ്വീകരിക്കുന്നില്ല. പോട്ടമൂന്നുപീടിക സംസ്ഥാന പാതയ്ക്കരികിലെ കാട്ടിക്കുളത്തിന്‍റെ സ്ഥിതിയും വളരെ ശോചനീയമാണ്. പാര്‍ശ്വ ഭിത്തി കെട്ടി എന്നല്ലാതെ മറ്റു യാതൊരു വിധത്തിലുള്ള സംരക്ഷണവും നല്‍കുന്നില്ല.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top