ഏറ്റവും നല്ല പാഠപുസ്തകം പ്രകൃതിയാണെന്ന് കെ.വി രാമനാഥൻ മാസ്റ്റർ

വായനപക്ഷാചരണത്തിന്‍റെ ഭാഗമായി തന്നെ കാണാനെത്തിയ ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം കുട്ടിത്തം നിറഞ്ഞ ചോദ്യോത്തരങ്ങളുമായി പ്രശസ്ത ബാലസാഹിത്യകാരൻ കെ.വി രാമനാഥൻ മാസ്റ്റർ – WATCH VIDEO BELOW

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് എൽപി സ്കൂളിലെ കുട്ടികൾ പ്രശസ്ത ബാലസാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്ററുടെ വസതിയിൽ അഭിമുഖത്തിനെത്തി. മാഷുടെ എഴുത്തിന്റെ തുടക്കം, കൃതികൾ, അധ്യാപന ജീവിതം, സ്വാധീനിച്ച വ്യക്തിത്വങ്ങൾ, എല്ലാം കുട്ടികൾ കൗതുകത്തോടെ ചോദിച്ചറിഞ്ഞു.

ഏറെക്കാലത്തിനു ശേഷം കുട്ടികളുമായുള്ള ഒരു സംവാദത്തിനു അവസരം ലഭിച്ച രാമനാഥൻ മാസ്റ്ററുടെ ഇവരോടൊത്തുള്ള ചോദ്യോത്തരങ്ങളിലും കുട്ടിത്തം നിറഞ്ഞു നിന്നിരുന്നു. ഏറ്റവും നല്ല പാഠപുസ്തകം പ്രകൃതിയാണെന്ന് കെ വി രാമനാഥൻ മാസ്റ്റർ കുട്ടികളോട് പറഞ്ഞു. പ്രകൃതിയിൽ നിന്നു കിട്ടുന്ന അറിവിന് അളവുകൾ ഇല്ല. തന്‍റെ കഥകളിലെല്ലാം പ്രകൃതി ഒരു കഥാപാത്രം ആണ്. അപ്പുക്കുട്ടനും ഗോപിയും മുതൽ അത്ഭുത വാനരന്മാർ വരെയുള്ള പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ അദ്ദേഹത്തിൽനിന്നും ചോദിച്ചു മനസിലാക്കി.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളുമായുള്ള ബന്ധവും അദ്ദേഹം വിവരിച്ചു. തന്‍റെ അമ്മ ആ സ്കൂളിലെ ആദ്യകാല അദ്ധ്യാപികയായിരുന്നെന്നും, ആ സമയം തന്നെ തന്‍റെ വല്യമ്മയും അവിടെ ടീച്ചർ ആയിരുനെന്നും മാഷ് പറഞ്ഞു. തന്‍റെ ചേച്ചിയും ഗേൾസ് സ്കൂളിലെ ഡ്രോയിങ് ടീച്ചർ ആയിരുന്നെന്നു മാഷ് ഓർമിച്ചെടുത്തു.

മാഷുടെ ഭാര്യ രാധ ടീച്ചർ 21 വർഷകാലം ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ അധ്യാപികയായിരുന്നു. മാഷുടെ മക്കളായ രേണുവും ഇന്ദുകലയും ഗവ. ഗേൾസ് സ്കൂളിലാണ് പഠിച്ചത്. ഇളയമകൾ ഇന്ദുകല ഇപ്പോൾ ഗവ. ഗേൾസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപിക കൂടിയാണ് എന്ന വിവരവും അദ്ദേഹം കുട്ടികളോട് പങ്കുവെച്ചു.

രാമനാഥന്‍ മാസ്റ്ററുടെ വീടായ ‘പൗർണ്ണമിയിൽ’ അരമണിക്കൂറോളം ചെലവഴിച്ച് മാഷുടെ അനുഗ്രഹം വാങ്ങിയാണ് കുട്ടികൾ മടങ്ങിയത്. വൈശാഖ്, ഇഷാനി, ശ്രീലക്ഷ്മി, നിവേദ്യ, സിയ എന്നീ വിദ്യാർത്ഥികളാണ് മാഷുമായി സംവദിക്കാൻ എത്തിയത്. ഹെഡ്മിസ്ട്രസ് അസീന ടീച്ചർ, ഹിനിഷ ടീച്ചർ എന്നിവരും വിദ്യാർത്ഥികളെ അനുഗമിച്ചു.

Leave a comment

Top