പാട്ടും കളിയും പരീക്ഷണങ്ങളും മാജികും പാവനാടകവും എല്ലാം സംയോജിപ്പിച്ച് വടക്കുംകര ഗവ. യു.പി. സ്കൂളിലെ സ്കൂൾ ക്ലബ്ബുകളുടെ ഉദ്‌ഘാടന ചടങ്ങ്

അരിപ്പാലം : വടക്കുംകര ഗവ.യു.പി. സ്കൂളിലെ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാട്ടും കളിയും പരീക്ഷണങ്ങളും മാജികും പാവനാടകവും എല്ലാം സംയോജിപ്പിച്ച് രണ്ടു മണിക്കൂർ വിസ്മയകരമായ അവതരണം ഏവരിലും കൗതുകം ഉണർത്തി. എൻ.ആർ. രമേഷ് ബാബു മാഷാണ് അവതാരകനായി എത്തിയത്.

വെള്ളമൊഴിച്ച് കടലാസ് കത്തിച്ചു് കുട്ടികളെ അമ്പരപ്പിച്ച മാഷ് തുടർന്നതിൻ്റെ ശാസത്ര തത്വവും സരസമായി വിശദീകരിച്ചു. തുടർന്ന് ഒട്ടേറെ പരീക്ഷണങ്ങൾ മാഷ് സ്വയം ചെയ്യുകയും അതെല്ലാം മൊത്തം കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്തതിനാൽ കുട്ടികൾ നല്ല ആവേശത്തിലായി. സമയം പോയതറിയാതെ സദസ് ഒന്നടങ്കം മാഷോടൊപ്പം കഥയും പാട്ടും കളികളുമായി ഒപ്പം കൂടുകയായിരുന്നു.

അതിനിടയിൽ മുൻ എച്ച്.എം സുഷമ ടീച്ചർ കുട്ടികൾക്ക് ഒട്ടേറെ സമ്മാനങ്ങളുമായെത്തിയതോടെ കുട്ടികളെല്ലാം സന്തോഷഭരിതരായി. രാവിലെ വൃക്ഷ മുത്തശ്ശിച്ചുവട്ടിൽ ആരംഭിച്ച പൊതുവായനാ കേന്ദ്രത്തിലേക്ക് പത്രങ്ങൾ സ്പോൺസർ ചെയ്ത് ജോസഫ് ചേട്ടൻ എത്തിയതും കോസ്മോ പൊളിറ്റൻ ലൈബ്രറി അവർക്ക് വരുന്ന പത്രങ്ങൾ സ്കൂൾ സമയത്ത് വിദ്യാലയത്തിന് നൽകി തുടങ്ങിയതും കൂടിയായപ്പോൾ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് മികച്ച ഒരു മാതൃകയായി. ചടങ്ങിൽ പ്രധാനാധ്യാപകൻ ടി.എസ്.സജീവൻ, അധ്യാപികമാരായ മേരി ഡിസിൽവ, ടി.വി.മണി എന്നിവർ സംസാരിച്ചു.

Leave a comment

Top