കലാനിലയം ഗോപാലകൃഷ്ണൻ നളചരിതം നാലാംദിവസം ദമയന്തിയായി വേഷമിടുന്നു- ഞായറാഴ്ച ഡോ. കെ.എൻ.പിഷാരടി കഥകളി ക്ലബ്ബിന്‍റെ രംഗവേദിയിൽ

ഇരിങ്ങാലക്കുട : ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ അഭിമുഖ്യത്തിൽ ജൂണ്‍ 26, ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടത്തുന്ന അരങ്ങിൽ ഒരു ഇടവേളക്കുശേഷം കഥകളിയിലെ ഇന്നത്തെ ഏറ്റവും പ്രഗല്ഭനായ സ്ത്രീവേഷാചാര്യൻ കലാനിലയം ഗോപാലകൃഷ്ണൻ നളചരിതം നാലാംദിവസം ദമയന്തിയായി ഇരിങ്ങാലക്കുടയിൽ വേഷമിടുന്നു.

നളനെ പിരിഞ്ഞ ദമന്തിയുടെ ദുഃഖം തന്റെ തോഴിയായ കേശിനിയോട് പങ്കുവയ്ക്കുന്നതോടെയാണ് കഥാരംഭം. തന്റെ രാജധാനിയിൽ എത്തിയ ബാഹുകൻ എന്ന തേരാളിയെ നിരീക്ഷിക്കാനായി ദമയന്തി കേശിനിയെ നിയോഗിക്കുന്നു. തുടർന്ന് കേശിനി ബാഹുകനുമായി ആശയവിനിമയം നടത്തുകയും ഈ വിവരമെല്ലാം ദമയന്തിയെ അറിയിക്കുന്നു. ബാഹുകനെന്ന പേരിൽ എത്തിയത് നളൻ തന്നെയെന്ന് ഏതാണ്ടുറപ്പായ ദമയന്തി ബാഹുകന്റെ സമീപമെത്തി തന്റെ നിസ്സഹായാവസ്ഥ അറിയിക്കുകയും തെറ്റിധാരണയെല്ലാം നീങ്ങി നളൻ സ്വന്തം രൂപം സ്വീകരിച്ച് ഇരുവരും ഒന്നാകുന്നതോടെ നാലാം ദിവസത്തിലെ നടപ്പുഭാഗങ്ങൾ പൂർത്തിയാകുന്നത്. ഭാവപ്രധാനമായ രംഗങ്ങളും സുന്ദരങ്ങളായ പദങ്ങളും മനോഹരമായ സംഗീതവുംകൊണ്ട് ഏറ്റവും ജനപ്രിയമായ ആട്ടക്കഥകളിൽ പ്രധാനമാണ് നളചരിതം നാലാംദിവസം.

ജൂണ്‍ 26, ഞായറാഴ്ച രാവിലെ 10മണിയ്ക്ക് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വച്ചാണ് ഈ കഥകളി അരങ്ങേറുന്നത്. പീശപ്പിള്ളി രാജീവൻ ബാഹുകനായും കലാമണ്ഡലം ഷൺമുഖദാസ് കേശിനിയായും വേഷമിടുന്ന അരങ്ങിൽ നെടുമ്പള്ളി രാംമോഹൻ, കലാമണ്ഡലം വിഷ്ണു സംഗീതം, കലാമണ്ഡലം വേണുമോഹൻ ചെണ്ട, കലാമണ്ഡലം ഹരിഹരൻ മദ്ദളം, കലാനിലയം വിഷ്ണു ചുട്ടി എന്നീ പ്രമുഖരായ കഥകളി കലാകാരന്മാരും പങ്കെടുക്കുന്നു. രംഗഭൂഷയും സംഘവും ചമയവും അണിയറയും ഒരുക്കും.

Leave a comment

Top