രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്‍റെ പേരിൽ പുതിയൊരിനം ചിലന്തി

ഡോ. സുധികുമാർ ഇന്ത്യൻ ചിലന്തി ഗവേഷണ മേഖലയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾക്കുള്ള അംഗീകാരമായാണ് ചിലന്തിക്ക് സ്യൂഡോമോഗ്രസ് സുധി (Pseudomogrus sudhii) എന്ന പേര് നല്കിയിരിക്കുന്നത്.

ഇരിങ്ങാലക്കുട: ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിൽ മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി രാജസ്ഥാനിലെ താർ മരുഭൂമിയിൽനിന്നും കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ചിലന്തി ഗവേഷകന്‍റെ പേര് നൽകി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. സുധികുമാർ എ.വി.യുടെ പേരാണ് പുതിയ ചിലന്തിയായ സ്യൂഡോമോഗ്രസ് സുധി (Pseudomogrus sudhii) എന്ന ചിലന്തിക്ക് നൽകിയിരിക്കുന്നത്.

ബ്രിട്ടനിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ചുള്ള മാഞ്ചസ്റ്റർ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ദിമിത്രി ലുഗനോവിന്‍റെ (Dmitri Logunov) നേതൃത്വത്തിൽ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ്ബാലകൃഷ്ണത്രിപാഠിയും (Rishikesh Balkrishna Tripathi) ആശിഷ്കുമാർജൻഗിദും (Ashish Kumar Jangid) ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്.

ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന ഈ ചിലന്തിയുടെ നീളം 4 മില്ലി മീറ്റർ മാത്രമാണ്. കടും തവിട്ടു നിറത്തിലുള്ള ആൺ ചിലന്തിയുടെ ശിരസ്സിൽ ചെറിയവെളുത്ത രോമങ്ങൾ കാണാം. കണ്ണുകൾക്കുചുറ്റും കറുത്ത നിറമാണ്. ഇളം മഞ്ഞ നിറത്തിലുള്ള ഉദരത്തിന്റെ മധ്യത്തിലായി നീളത്തിൽ ഇരുണ്ട വരയുണ്ട്. പെൺചിലന്തിയുടെ മഞ്ഞ നിറത്തിലുള്ള തലയിൽ കറുത്ത കണ്ണുകൾ കാണാം. ഇളം മഞ്ഞ നിറത്തിലുള്ള ഉദരത്തിൽ വെളുത്ത കുത്തുകളും കാണാം. മരുഭൂമിയിലെ ഉണങ്ങിയ പുൽനാമ്പുകൾക്കിടയിലായിട്ടാണ് ഇവയെ കാണപ്പെടുന്നത്. 35 ഇനം ചിലന്തികളുള്ള ഈ ജെനുസിനെ ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നും കണ്ടുപിടിക്കുന്നത്. ഈ കണ്ടുപിടുത്തം ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അരക്നോളജി (Arachnology) എന്ന ആന്താരാഷട്ര ശാസ്ത്ര മാസികയുടെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. സുധികുമാർ ഇന്ത്യൻ ചിലന്തി ഗവേഷണ മേഖലയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ നാമം ചിലന്തിക്ക് നല്കിയിരിക്കുന്നത്. വിവിധ അന്തർദേശീയ ശാസ്ത്ര മാസികകളിലായി 200 ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. സുധികുമാർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “കേരളത്തിലെ ചിലന്തികൾ” എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ്. 35 ഇനം പുതിയ ചിലന്തികളെയാണ് ഡോ. സുധികുമാറിന്‍റെ നേതൃത്വത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചിലന്തി വൈവിധ്യ ഗവേഷണ പദ്ധതികളുടെ മുഖ്യ ഗവേഷകനായ ഡോ. സുധികുമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ജൈവവൈവിധ്യഗവേഷണ കേന്ദ്രത്തിൽ 15 വിദ്യാർത്ഥികളാണ് കേരളത്തിലെ ചിലന്തികളുടെയും, തേരട്ടകളുടെയും, ഉറുമ്പുകളുടെയും വൈവിധ്യത്തെക്കുറിച്ച് ഇപ്പോൾ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a comment

Top