എസ് ദുർഗ്ഗയുടെ പ്രചരണാർത്ഥം സംവിധായകൻ സനൽ കുമാർ ശശിധരനും സംഘവും സ്ട്രീറ്റ് പ്ലേയുമായി ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ലോകത്തെ മികച്ച മേളകളിലൊന്നായ റോട്ടർഡാമിലെ പ്രധാന പുരസ്‌കാരമായ ‘ഹിവോസ് ടൈഗർ’ നേടിയ ആദ്യ ഇന്ത്യൻ ചിത്രവും അൻപതിൽപരം അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച എസ് ദുർഗ എന്ന സിനിമയുടെ പ്രചരണാർത്ഥം സംവിധായകൻ സനൽ കുമാർ ശശിധരനും സംഘവും ഇരിങ്ങാലക്കുടയിൽ എത്തി. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ ചെമ്പകശ്ശേരി സിനിമാസിൽ മാർച്ച് 24 ശനി, 25 ഞായർ എന്നി ദിവസങ്ങളിൽ രാവിലെ 10 മണിക്ക് എസ്. ദുർഗ പ്രദർശിപ്പിക്കുന്നത്.

വിവാദങ്ങൾക്കും സെൻസർ കുരുക്കുകൾക്കും ശേഷം എസ് ദുർഗ മാർച്ച് 23 ന് റിലീസ് ചെയ്യുകയാണ്. എസ് ദുർഗ്ഗയുടെ തിയേറ്റർ റിലീസ് പാരമ്പരാഗതമല്ലാത്ത രീതിയിൽ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ആയതിന്റെ പ്രചരണാർത്ഥമാണ് സംവിധായകൻ സ്ട്രീറ്റ് പ്ലേയുമായി ഇരിങ്ങാലക്കുടയിലെത്തിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സമകാലീന സംഭവങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നുകാണിച്ച തെരുവ് നാടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ ന്യൂതന പ്രചരണശൈലിയാണ് സമകാലിന ഇന്ത്യയുടേയും ഇടതുപക്ഷ സര്‍ക്കാറിന്റെ ഇടതുപക്ഷ സ്വഭാവത്തേയും ചോദ്യം ചെയ്യുന്ന വേദിയായി മാറിയത്. സൗദി പോലുള്ള രാജ്യം പോലും സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങള്‍ തേടുമ്പോള്‍ സ്വതന്ത്ര കലാസൃഷ്ടികളെ ശ്വാസംമുട്ടിക്കുന്ന നിബന്ധനകളാണ് രാജ്യം ഭരിക്കുന്നവര്‍ പറയുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സിനിമയ്ക്ക് നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ കേരളത്തിലെ കലാകാരന്‍മാരും ബുദ്ധിജീവികളും കാര്യമായി പ്രതികരിച്ചില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ ഉന്മാദിയുടെ മരണത്തിലെ ഉന്മാദിയെ കേന്ദ്രീകരിച്ചുകൊണ്ട് അവതരിപ്പിച്ച നാടകവും ചുറ്റും തങ്ങികൂടിയ കാണികള്‍ക്ക് പുതിയ അനുഭവമായി. സ്വപ്‌നം കാണാനുള്ള അവകാശങ്ങള്‍ക്കായി പോരാടുന്ന ഉന്മാദിയെ മര്‍ദ്ദിച്ചും കഴുത്തുഞെരിച്ചും കൊല്ലാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ഉദ്യോഗസ്ഥനും നാടകത്തിന് പുതിയ ഭാവങ്ങള്‍ പകര്‍ന്നു. ഉന്മാദിയായി സുനില്‍ ആര്‍.എസ്സും സെന്‍സര്‍ ഉദ്യോഗസ്ഥനായി അരുണ്‍ സോളും വേഷമിട്ടു. നടന്‍ വേദ്, അരുണ്‍ ദേവ്, സനോജ്, സഞ്ജൂസ് എന്നിവരും സംവിധായകനൊപ്പമുണ്ടായിരുന്നു.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകരായ നവീൻ ഭഗീരഥൻ, മനീഷ് അരിക്കാട്ട്, സിബിൻ ടി ജി, ജോസ് മാമ്പിള്ളി , രാഹുൽ, ബിനു ശാരംഗധരൻ എന്നിവരും സന്നിഹിതരായിരുന്നു. ടിക്കറ്റ് നിരക്ക് 118 രൂപ. താൽപര്യമുള്ളവർ ടിക്കറ്റുകൾക്കായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുമായി 9349001932 , 9447814777 , 9846097144 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top