ഒരു മാസത്തോളം യാത്രാ തടസമായി നിന്നിരുന്ന കൂടൽമാണിക്യം കിഴക്കേ നടയിലെ താൽക്കാലിക നിർമ്മിതികൾ പൊളിച്ചുമാറ്റി

വാരാന്ത്യങ്ങളിൽ കിഴക്കേനടയിൽ രൂപപ്പെടുന്ന ഭക്തജനങ്ങളുടെ വാഹനത്തിരക്കിനോടൊപ്പം താൽക്കാലിക നിർമ്മിതികൾ പൊതുറോഡിൽ നിന്നും മാറ്റാത്തതിനാൽ ശനിയാഴ്ച രാവിലെ പെരുവെല്ലിപ്പാടം തെക്കേനട ഭാഗങ്ങളിലേക്ക് ഈ വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു

ഇരിങ്ങാലക്കുട: ഒരു മാസത്തോളം യാത്രാ തടസമായി നിന്നിരുന്ന കൂടൽമാണിക്യം കിഴക്കേ നടയിലെ താൽക്കാലിക നിർമ്മിതികൾ പൊളിച്ചുമാറ്റി. മെയ് മാസത്തെ കൂടൽമാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കിഴക്കേ നടയിൽ നിർമ്മിച്ച താൽക്കാലിക സ്വാഗതസംഘം ഓഫീസുകളും പോലീസ്/ നഗരസഭാ എയ്ഡ് പോസ്റ്റുകളും മെയ് 12 മുതൽ 10 ദിവസം നടന്ന ഉത്സവത്തിന് ശേഷവും പൊളിച്ചു മാറ്റിയിരുന്നില്ല.

പെരുവെല്ലിപ്പാടം തെക്കേനട ഭാഗത്തേക്ക് കിഴക്കേനടയിലൂടെയുള്ള റോഡ് ഗതാഗതം തടസപ്പെടുന്ന രീതിയിലായിരുന്നു ഈ നിർമ്മിതികൾ. ഉത്സവം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷവും റോഡിനു നടുവിൽ ഇവ തടസമായി തുടരുന്നത് ഈ മേഖലയിലുള്ളവരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കിഴക്കേ നടയുടെ മുന്നിൽ തുടർന്നിരുന്ന ഈ നിർമ്മിതികളിൽ പകുതി അഴിച്ചു മാറ്റിയ പുറത്തേക്കു തള്ളിനിന്ന കൂർത്ത കമ്പികളിൽ അപകട സൂചന നല്കുന്ന ഒന്നും തന്നെ ആഴ്ചകളോളും സ്ഥാപിച്ചിരുന്നില്ല.

മറ്റു പ്രദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ പൊതുവഴിയാണെന്നറിയാതെ കിഴക്കേനടയിൽ ഇവിടെ പൂർണ്ണമായും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ആനപ്പള്ള മതിലിനോട് ചേർന്ന് തെക്കേനടയിലേക്കുള്ള റോഡിൽ ഇരുചക്ര വാഹനങ്ങൾക്കു പോലും കടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

ഈയടുത്ത കാലത്താണ് ചില കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കിഴക്കേനടക്ക് സമീപത്തുകൂടി പെരുവെല്ലിപ്പാടം ഭാഗത്തേക്കുള്ള റോഡിൽ നാലുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഗതാഗത സൗകര്യം ദേവസ്വം തുറന്നു കൊടുത്തത്. നിലവിൽ ഇത് പൊതുറോഡ് ആയാണ് നഗരസഭയുടെ രേഖകളിൽ ഉള്ളത്.

ഇത് പൊതുവഴിയല്ലെന്നായിരുന്നു കാലങ്ങളായുള്ള ദേവസ്വത്തിന്‍റെ നിലപാട്. കിഴക്കേ നടയിലും തെക്കേ നടയിലും ഈ വഴിയുടെ ആരംഭത്തിൽ ഗതാഗതം തടസപ്പെടുത്തുന്ന രീതിയിൽ കൽത്തൂണുകൾ സ്ഥാപിച്ചിരുന്നു. കോടതിവിധിയെത്തുടർന്ന് ഇത് ഇളക്കിമാറ്റിയാണ് ഇപ്പോൾ ഗതാഗതം അനുവദിച്ചിരിക്കുന്നത്.

കിഴക്കേനട സൗന്ദര്യവത്ക്കരണത്തിന്‍റെ ഭാഗമായി റോഡ് ഉൾപ്പെടെയുള്ള മുൻവശം പൂർണ്ണമായും ടൈൽ വിരിച്ചതോടെ പുറമെനിന്ന് വരുന്നവരും നാട്ടുകാരുൾപ്പെടെയും ഇത് പൊതുവഴിയാണെന്നറിയാതെ ഇതിന്‍റെ ഒരു ഭാഗം വാഹനങ്ങൾ പാർക്ക് ചെയ്ത് മണിക്കൂറുകളോളം ക്ഷേത്ര ദർശനത്തിന് പോകുന്നതും ഇതുവഴിയുള്ള ഗതാഗതത്തിന് തടസം നേരിടുന്ന ഒരു കാരണമാണ്.

ഒരു മാസത്തോളമായി താൽക്കാലിക നിർമ്മിതികൾ മാറ്റാത്ത മൂലം ഇതുവഴി ഗതാഗതം പലപ്പോഴും തടസപ്പെടുന്ന അവസ്ഥയിലായിരുന്നു. പൊതുഗതാഗത മാർഗ്ഗങ്ങളില്ലാത്ത തെക്കേനട പെരുവല്ലിപ്പാടം മേഖലകളിലേക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കുന്നവർക്ക് എളുപ്പത്തിൽ പോകാവുന്ന കിഴക്കേനട വഴി വരുമ്പോൾ താൽക്കാലിക നിർമ്മിതികൾ മൂലം തടസം നേരിടുകയും തന്മൂലം വളഞ്ഞ വഴികളിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തേണ്ടി വരികയും ചെയ്യുമ്പോൾ അമിതമായ യാത്രാകൂലിയാണ് വഹിക്കേണ്ടി വരുന്നത്.

വാരാന്ത്യങ്ങളിൽ കിഴക്കേനടയിൽ രൂപപ്പെടുന്ന ഭക്തജനങ്ങളുടെ വാഹനത്തിരക്കിനോടൊപ്പം താൽക്കാലിക നിർമ്മിതികൾ പൊതുറോഡിൽ നിന്നും മാറ്റാത്തതിനാൽ ശനിയാഴ്ച രാവിലെ ഈ വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു.

ഈ വിഷയത്തിലിടപെട്ട ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം രാവിലെ കൂടൽമാണിക്യം ദേവസ്വം മാനേജ്‌മന്റ് അംഗമായ അഡ്വ. കെ.ജി. അജയ്‌കുമാറിനോട് വിഷയത്തിന്‍റെ ഗൗരവ സ്വഭാവം അറിയിച്ചിരുന്നു.

ഇതേത്തുടർന്ന് അദ്ദേഹം താൽക്കാലിക നിർമ്മിതികൾ ഏറ്റെടുത്ത കരാറുകാരെ ഉടനെ വിളിക്കുകയും ഇന്ന് തന്നെ ഇത് പൂർണ്ണമായും മാറ്റുവാനുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും ആവശ്യപ്പെടുകയുമുണ്ടായി. തുടർന്ന് ശനിയാഴ്ച ഉച്ചയോടെ കരാറുകാർ താൽക്കാലിക നിർമ്മിതികൾ കൂടൽമാണിക്യം കിഴക്കേ നടയിലെ പൊതുറോഡിൽ നിന്ന് മാറ്റി. WATCH RELATED VIDEO BELOW

Leave a comment

Top