പശ്ചിമഘട്ടത്തിലെ അപൂർവയിനം ശൂലവലചിറകനുമായി ക്രൈസ്റ്റ് കോളേജ് ഗവേഷക സംഘം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്‍റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ അപൂർവയിനം ശൂല വലചിറകനെ (Osmylidae or lance lacewing) കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽ നിന്ന് കണ്ടെത്തി.

പശ്ചിമഘട്ടത്തിൽ നിന്ന് ആദ്യമായാണ് ‘സ്പൈലോസ്മൈലസ് ട്യൂബർകുലാറ്റസ്’ (Spilosmylus tuberculatus), എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്. ഓസ്മിലിഡേ (Osmylidae) കുടുംബത്തെയും ആദ്യമായാണ് പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തുന്നത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ലക്കത്തിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ സൂര്യനാരായണൻ ടി.ബി, ഗവേഷണ മേധാവിയും അസിസ്റ്റന്‍റ് പ്രൊഫസ്സറുമായ ഡോ. ബിജോയ് സി, എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. ഈ റിപ്പോർട്ട് കൂടാതെ, ബാലാഘട്ട് (മധ്യപ്രദേശ്), ആസാം, ആൻഡമാൻ ദ്വീപുകൾ, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും സ്പിലോസ്മൈലസ് ട്യൂബർകുലേറ്റസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റെ (CSIR) സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്.

Leave a comment

Top