പടികയറിയ സംഗമേശനും പടിയിറങ്ങിയ ഉത്സവക്കാഴ്ചകളും

ഉത്സവക്കാഴ്ച്ചകളുടെ പെരുമഴ തീർത്ത ഒരു ഉത്സവം കൂടി വിട പറഞ്ഞു. കൊടിയേറ്റമടക്കം 11 ദിവസം ഒരു നാടിനെ മുഴുവൻ ഒന്നിപ്പിച്ച് പടികയറിയ ദേവനും പടിയിറങ്ങിയ ഉത്സവക്കാഴ്ചകളും ഇനി ഇരിങ്ങാലക്കുടക്കാരുടെ കാത്തിരിപ്പിന്‍റെ ഒരു വർഷം നീളുന്ന നൊമ്പരമാണ്. 2 വർഷം കൊറോണ ഇല്ലാതാക്കിയ ഉത്സവമേളങ്ങളെ പൂർവ്വാധികം ഗാംഭീര്യത്തോടെ തിരിച്ചു പിടിച്ച് ഒരു നാട്. മഴ വില്ലനായി നിന്നതുകൊണ്ടാകാം പതിവായ കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് ഇപ്രാവശ്യത്തെ കൂടൽമാണിക്യം ഉത്സവം നമ്മെ കൂട്ടിക്കൊണ്ടു പോയത്.

ആനക്കോലം

ആനക്കോലം കണ്ട് അന്തംവിട്ടവർക്ക് മുന്നിൽ തലയുയർത്തി തുമ്പിയുയർത്തി നിന്ന ഗജവീരൻ. ശ്രീകൂടൽമാണിക്യം തിരുവുത്സവത്തിനെത്തിയ പത്തനംതിട്ട ജില്ലക്കാരനായ ഓമല്ലൂർ ഗോവിന്ദൻകുട്ടിയാണ് കൊടിപ്പുറത്തുവിളക്ക് ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് മുന്നിൽ തലേന്ന് പെയ്ത മഴയിൽ കിട്ടിയ ഇത്തിരി ചെളിയിൽ കളിച്ചും കുളിച്ചും സുന്ദരനായി നിന്ന കൊമ്പൻ.

കൗതുകത്തിലുപരി ഒരു നിമിഷമെങ്കിലും തന്‍റെ ജൈവ സൗന്ദര്യബോധത്തെ പൊടിതട്ടിയെടുത്ത് അവൻ തീർത്ത പ്രകൃതിയിലെ രാജാവായി നിൽക്കുകയായിരുന്നു ആ ഗജശ്രേഷ്ഠൻ. ഏത് ആൾക്കൂട്ടത്തിനിടയിലും ബഹളത്തിനും അണിഞ്ഞൊരുങ്ങലുകൾക്കിടയിലും ഒരു നിമിഷത്തേക്കെല്ലാം മറന്ന് തന്‍റെ ജന്മവാസനകളിലേക്കിറങ്ങിച്ചെന്ന് ആഘോഷിച്ചവനെപ്പോലെയായിരുന്നു ആ രൂപം. ആഘോഷപ്പട്ടങ്ങളുടെ അടയാളങ്ങളെയത്രയും പിന്തള്ളിക്കൊണ്ട് കേവലപ്രകൃതിയുടെ വന്യ സൗന്ദര്യത്തിൽ അലിഞ്ഞുനിന്ന ആ രൂപം മറക്കാനനുവദിക്കാത്ത കാഴ്ചകളുടെ തുടക്കം തന്നെയായിരുന്നു.

ചുറ്റോടു ചുറ്റും

മഴയത്തുള്ള പ്രദക്ഷിണയോട്ടവും മഴ മുടക്കിയ ശീവേലിയും, വെയിലും ചൂടും മാറി നിന്നിട്ടും ഓരോ ദിവസവും കുഴഞ്ഞുവീണവരും, മേളം ഒരു താരാട്ടായി കേട്ടുറങ്ങി ചെവിയാട്ടാൻ പോലും മറന്നു നിന്ന ആനകളും, ആനകൾ ഇടയ്ക്കിടയ്ക്ക് ഒച്ചയുണ്ടാക്കി ആളുകളിലുണ്ടായ ആനപ്പേടിയും, ആന സ്ക്വഡിന്റെ ശ്രദ്ധയും ആളുകളുടെ ശ്രദ്ധയില്ലായ്മയും, കൈരേഖ തെളിയാഞ്ഞ കൈനോട്ടക്കാരും, 25 ഗജവീരന്മാർ അണിനിരന്ന ആനയൂട്ടും, അന്നത്തിനു വേണ്ടിയുള്ള അന്നം ചുമക്കുന്ന ആനക്കാരന്മാരും, വ്യത്യസ്തമാർന്ന സ്റ്റേജ് പരിപാടികളും, ഭക്ഷണത്തിരക്കും, മേളത്തിനൊപ്പം ആടിത്തിമിർത്ത താളബോധങ്ങളും, കള്ളുകുടിയും വലിയും, എപ്പോഴും ഓളപ്പരപ്പിൽ സജീവമായ തെക്കേ കുളവും, സ്റ്റേജ് പരിപാടികൾ നടക്കുന്നിടത്ത് ഒച്ചയും ബഹളവുമായി എത്തുന്ന അമ്മാമയും, മിഠായിത്തല്ലും, ചില ചില പരിഗണനകളുമൊക്കെയായി ഉത്സവക്കാഴ്ചകളിങ്ങനെ ചുറ്റും കൂടിവന്നിപ്പോഴും ചേർത്ത് നിർത്തുന്നു.

മഴയായിരുന്നു ഇപ്രാവശ്യത്തെ ഉത്സവത്തിന്‍റെ പ്രമാണി. മഴയത്ത് ഭഗവാന്‍റെ തിടമ്പും കൊണ്ടുള്ള പ്രദക്ഷിണയോട്ടവും മഴച്ചതിയിൽ മൂന്നാം തിരുവുത്സവത്തിന് ക്ഷേത്രപ്പറമ്പാകെ വെള്ളം നിറഞ്ഞ് ശീവേലി മാറ്റിവച്ചതും ആനപ്പുറത്തേറാതെ കൈത്തിടമ്പായി നടത്തിയ സംഗമേശ പ്രദക്ഷിണവും ഇപ്രാവശ്യത്തെ അപൂർവ്വ കാഴ്ചയായിരുന്നു.

ആനകളുടെ ചുറ്റും കയറു കെട്ടി സംരക്ഷണം തീർത്ത് ഉറങ്ങാതെ നിന്ന ആനസ്ക്വാഡുകാരും അവർ കെട്ടിയ കയറിനടിയിലൂടെ നൂണ്ടു കയറി ആനയുടെ തുമ്പിയെത്തും ദൂരത്ത് നിന്നവരും വേറിട്ട കാഴ്ചയായത് അത്ഭുതപ്പെടുത്തിയൊന്നുമില്ല. പക്ഷെ, ഒരു ആനസ്ക്വാഡുകാരൻ മേഘാർജ്ജുനന്‍റെ പാപ്പാന് തറയിൽ വിരിക്കാനുള്ള ചാക്ക് കൊണ്ടു കൊടുത്തപ്പോൾ മറ്റു ആനകളിൽ നിന്നും പാലിച്ച അകലം ശരിക്കും അത്ഭുതപ്പെടുത്തി. ക്ഷേത്രഭാരവാഹികൾ വേണ്ട മുൻകരുതലുകളൊക്കെയെടുത്തിട്ടും കയറിന് പുറത്ത് ആളുകളെ നിയന്ത്രിക്കാൻ ആർക്കും പറ്റിയില്ല.

ചില ചില പ്രത്യേക പരിഗണനകളിൽ ആളുകൾ കയറിനകത്ത് നിന്ന് മേളത്തിനൊപ്പം താളം പിടിച്ചപ്പോൾ പരിഗണനകളില്ലാത്ത സാധാരണക്കാരായ മേളപ്രേമികൾ കയറിന് വെളിയിൽ നിൽക്കേണ്ടി വന്നു. ഇതുണ്ടാക്കിയ സംഘർഷം ചെറുതൊന്നുമല്ല. പരിഗണനകളിൽ കയറിയവർ പിന്നീടുണ്ടായ പരാതികളെ ചോദ്യം ചെയ്തു. കയറിന് പുറത്തായവർ പരിഗണനകളെയും ചോദ്യം ചെയ്തു. പിന്നീടുണ്ടായ തള്ളിക്കയറ്റത്തെ ആർക്കും നിയന്ത്രിക്കാൻ പറ്റിയില്ല. ആനയ്ക്കും മേളക്കാർക്കും നിൽക്കാൻ പോലും ഇടമില്ലാതെ എല്ലാവരും നിന്ന് ഞെരുങ്ങി. എല്ലാവരും മേളം ആസ്വദിക്കാൻ എത്തിയവരാണ്. എന്നിട്ടും കയറിനകത്ത് നിന്ന് താളം പിടിച്ചവരെ കൊതിയോടെ നോക്കിനിന്ന സാധാരണക്കാർ പലപ്പോഴും ഒരു വിഷമക്കാഴ്ച തന്നെയായിരുന്നു. ആനസ്ക്വാഡുകാർ ആനസംരക്ഷണത്തിന് കെട്ടിയ കയർ ചില തിരിവുകൾക്കും മേൽ-കീഴ് തിരിച്ചറിവുകൾക്കും വേണ്ടി മാത്രം ഉപകരിച്ചു എന്ന് നിസംശയം പറയാം.

ഭക്ഷണത്തിരക്ക് പെട്ടെന്നായിരുന്നു. മഴ മാറിയ നേരങ്ങളിലെല്ലാം നീണ്ട വരിയായിരുന്നു ഊട്ടുപുരയ്ക്കു മുൻപിൽ. മണിക്കൂറുകളോളം വിളമ്പാനും മറ്റും നിന്നവർക്ക് ഭക്ഷണം തികയാതെ വന്നപ്പോൾ, ബദൽ മാർഗം സ്വീകരിച്ചിട്ടുണ്ടാകാമെങ്കിലും കുറച്ചൊക്കെ നിരാശ തോന്നി. പായസത്തിന്‍റെ മധുരം നുണയാനായി വന്നവർക്കെല്ലാം തിരക്ക് മൂലം വിതരണം ചെയ്യാനാകാനാകാതെ പോയ പായസം പലർക്കും പുളിച്ചു. പ്രതീക്ഷിക്കാനാകാത്ത ദിവസങ്ങളെയായിരുന്നു ഊട്ടുപുരയ്ക്ക് മുന്നിൽ ഓരോ മഴയും തന്നത്. ചിലപ്പോൾ തിരക്ക്, ചിലപ്പോൾ ശൂന്യം.


കൂടൽമാണിക്യം തെക്കേ കുളത്തിൽ ഓളപ്പരപ്പൊഴിഞ്ഞ ഒരു നേരം പോലുമുണ്ടായിട്ടില്ല. കച്ചവടത്തിനെത്തിയവരും ആനക്കാരും തുടങ്ങി ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടെ എപ്പോഴും കുളത്തിൽ തിരക്കോടു തിരക്ക്. അതിനിടയിൽ കള്ളുകുടിയും വലിയും ഒക്കെ നടക്കുന്നുണ്ട്. ഒരു ദിവസം യൂണിഫോമിട്ട ഒരഞ്ചാറു പിള്ളേരും ഇരുന്നു വലിക്കുന്നുണ്ടായി. ക്ഷേത്രത്തിലുണ്ടായ പോലീസിൽ വിവരം അറിയിച്ചെങ്കിലും പിന്നീടെന്തുണ്ടായി എന്നറിയില്ല. മാത്രമല്ല, സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം മദ്യപിച്ചെത്തിയ ഉത്സവപ്രേമികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിരിക്കുന്നു. ഇരിങ്ങാലക്കുടയിലെ മദ്യവില്പനയുടെ റെക്കോർഡുകൾ തകരരുതല്ലോ.

മിഠായിത്തല്ല്

രസം പിടിപ്പിച്ച മറ്റൊരു കാഴ്ചയായിരുന്നു മിഠായിത്തല്ല്. പെരുവനം കുട്ടൻമാരാരും വെളപ്പായ നന്ദനനും തമ്മിലായിരുന്നു ‘തല്ല്’ നടന്നത്. പള്ളിവേട്ടയുടെ അന്ന് പകൽ പടിഞ്ഞാറേ നടയിൽ മേളം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഒരു വളണ്ടിയർ മിഠായിയുമായി മേളക്കാരുടെ ഇടയിലേക്ക് കയറി. ഇത് രസിക്കാതെ പെരുവനം കുട്ടൻ മാരാർ വളണ്ടിയറോട് മേളത്തിനിടയിൽ നിന്ന് പോകാനും വെളപ്പായ നന്ദനൻ എന്ന കുഴൽ വാദ്യക്കാരൻ അകത്തേക്ക് കടന്ന് മിഠായി തരുവാനും ആവശ്യപ്പെട്ടു. ഇതിങ്ങനെ കുറച്ച് നേരം തുടർന്നത് കാണികളിൽ രസം പിടിപ്പിച്ചു. മേളം അടിപൊളിയാക്കണമെന്ന് ആഗ്രഹിച്ചും കുഴൽവിളിക്കാർ ഇടയ്ക്കിടയ്ക്ക് മുന്നോട്ടായുന്നതിന് തടസമില്ലാതിരിക്കാനും ആകാം പെരുവനം മിഠായിവിതരണക്കാരനെ തടഞ്ഞത്. എന്നാൽ മേളക്കാരടക്കം എന്നും ഓരോരുത്തർ കുഴഞ്ഞു വീഴുന്നത് പതിവായതിനാലാണ് വെളപ്പായ നന്ദനൻ മിഠായി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടത്. എന്തായാലും ഈ തല്ലിനിടയിൽ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് പിന്നിൽ വേറൊരു വളണ്ടിയറും മീഡിയക്കാരും മിഠായി നുണഞ്ഞുകൊണ്ടിരിക്കുന്നതാണ്.

മേളം ഒരു താരാട്ടാകുന്നു

ഉത്സവത്തിന്‍റെ അവസാന ദിവസങ്ങളിൽ അനുഭവപ്പെട്ട ക്ഷീണം മേളം ഒരു താരാട്ടാക്കി മാറ്റി. മേളത്താരാട്ടിൽ ചെവിയാട്ടാൻ പോലും മറന്ന് ഉറങ്ങി നിന്ന ആനകളും തീറ്റയെടുത്ത് വായയോളം ചുരുട്ടി വായ്ക്കകത്തേക്ക് എത്തും മുൻപേ ഉറങ്ങിപ്പോയ ആനയും പാപ്പാൻ കയ്യിലെ കോലുകൊണ്ട് തുമ്പിയുടെ ചുരുട്ട് നിവർത്തിയതും താളം പിടിക്കുന്നതിനിടയിൽ ഉറക്കം തൂങ്ങിയവനുമെല്ലാം ഒന്നാന്തരം മേളക്കാഴ്ചകളായിരുന്നു.

നൃത്തക്കാഴ്ചകൾ

84 വയസ്സ് കഴിഞ്ഞ പുരുദധീച് അവതരിപ്പിച്ച കഥക് കണ്ട് അമ്പരന്നവരെല്ലാം അദ്ദേഹത്തിന്‍റെ കഴിവിന് മുന്നിൽ എഴുന്നേറ്റ് നിന്ന് ആദരവറിയിച്ചത് വിശേഷ കാഴ്ച തന്നെയായിരുന്നു. കൗതുകമായി അരങ്ങേറിയ ചാവു നൃത്തങ്ങളും മണിപ്പൂരിയുമെല്ലാം വേറിട്ടുനിന്നതും ഇരിങ്ങാലക്കുടക്കാരുടെ പുതിയ ലോകങ്ങളായിരുന്നു.

5 വയസ്സുമുതൽ 66 വയസ്സ് വരെയുള്ള 83 പേർ അണിനിരന്ന അണിമംഗലം സാവിത്രി അന്തർജ്ജനവും സംഘവും വലിയവിളക്ക് ദിവസം അവതരിപ്പിച്ച തിരുവാതിരക്കളി ഗംഭീരവും സദസ്സ് നിറച്ച കാഴ്ചയുമായിരുന്നു. അന്നുവരെയും സന്ധ്യയ്ക്കു ശേഷം മാത്രം നിറഞ്ഞു കണ്ടിരുന്ന സദസ്സ് പെട്ടെന്നൊരു നിമിഷം കൊണ്ട് ഇരിക്കാനൊരു കസേര പോലും ഒഴിവില്ലാതെ നിറഞ്ഞു കവിഞ്ഞു. 83 പേരുടെയും ബന്ധുജനങ്ങളെക്കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും സദസ്സ് തിങ്ങി നിറഞ്ഞു. തിരുവാതിരക്കളിക്ക് ശേഷമുണ്ടായ ക്ഷേത്ര അയൽവാസിയുടെ ഓട്ടൻതുള്ളൽ തുടങ്ങിയപ്പോഴേക്കും സദസ്സ് ശൂന്യമായി. ബന്ധുജനം സർവ്വജനാൽ പ്രധാനം.

മഴമാറാൻ കാത്തുകാത്ത്

മഴ മാറാൻ കാത്തുകാത്ത് ഒരു ഉത്സവം തീർന്നു. മഴ മാറിയ നേരത്തൊക്കെയും ക്ഷേത്രത്തിൽ ആളുകളെക്കൊണ്ട് നിറഞ്ഞു. പിന്നെപ്പിന്നെ മഴയിലും മാറാതെ കുടക്കാഴ്ചയൊരുങ്ങി. മഴയിലും ആകാശ ഊഞ്ഞാലിൽ വരെ ആളുകൾ നിറഞ്ഞു. മഴയത്തവർ ആകാശം തൊടാനൊരുങ്ങി. ഒരു ദിവസം പോലും പ്രവർത്തിക്കാതെയും മരണക്കിണറുകാർ വരെ വെളിച്ചം തെളിച്ചു. കൈരേഖ തെളിയാതിരുന്ന കൈനോട്ടക്കാരുടെ അരികിലെല്ലാം ആളുകൾ വന്നു. ചെരിപ്പ് പുറത്തൂരിവച്ച് അകത്തുനിന്ന് ചെളിച്ചെരിപ്പുമിട്ട് എല്ലാവരും സന്തോഷത്തോടെ ക്ഷേത്രം ചുറ്റി. മഴ മറന്ന നിറങ്ങളെല്ലാം ഉത്സവനഗരി തിരിച്ചുപിടിച്ചു.

നിറംകെട്ട ഉത്സവക്കാഴ്ചകൾ: അപ്പുറത്ത് ഉത്സവ ഘോഷം ഇപ്പുറത്ത് കണ്ണീര്

ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ട് പെയ്ത മഴ ഇപ്രാവശ്യത്തെ ചില നിറം കെട്ട ഉത്സവക്കാഴ്ചകളിലേക്കും കൂടി ശക്സ്തമായി വിരൽ ചൂണ്ടിയിരുന്നു.

മഴയിലും ഒരു മതിലിനപ്പുറം ഉത്സവ ഘോഷങ്ങൾ തിമിർക്കുമ്പോൾ ഇപ്പുറത്തൊരു പറമ്പിനുള്ളിൽ കണ്ണീരു മാത്രമായി ചിലർ. അരക്കോടിയുടെ അടുത്ത് നൽകി ഉത്സവ പ്രതീക്ഷകളുമായി എക്സിബിഷൻ നടക്കുന്ന കൊട്ടിലാക്കൽ പറമ്പിലേക്ക് കാലെടുത്തുവെച്ച ഒരു സ്റ്റാളുകാരും കരുതിയിട്ടുണ്ടാവില്ല കൊടിയേറ്റം മുതൽ ഉത്സവം തീരുന്നതുവരെയും മഴ ഇങ്ങനെ തങ്ങളെ കുഴപ്പിക്കുമെന്ന്. മഴ ഏറ്റവും ദുരിതം ഉണ്ടാക്കിയത് എക്സിബിഷനിലെ മരണക്കിണറുകാർക്കാണ്. ഇടയ്ക്ക് മഴ നിന്ന് മറ്റെല്ലാ സ്റ്റാളുകളും പ്രവർത്തനം തുടങ്ങിയെങ്കിലും ഇടയ്ക്കിടയ്ക്ക് വീണ്ടും പെയ്ത് 10 ദിവസവും മരണക്കിണറിനെ മാത്രം മഴ പറ്റിച്ചു കൊണ്ടേയിരുന്നു.

എത്ര മനുഷ്യന്മാരുടെ അധ്വാനത്തിലായിരുന്നു ഉത്സവക്കാഴ്ചയ്ക്കായി ആ മരണക്കിണറിനെ ഒരുക്കിയത്! എത്ര മനുഷ്യരുടെ മരണക്കളിയായിരുന്നു കാഴ്ചക്കാരെ ആസ്വദിപ്പിക്കാൻ മാത്രം ഒരുങ്ങി നിന്നത്! മഴയാണേ, ചതിയാണേ, ഇത് മരണക്കളിയാണേ എന്ന് മരണക്കളിക്കാർ പറയുമ്പോൾ മരണക്കിണറിനുള്ളിൽ മഴ തീർത്ത വഴുക്കലിൽ അറിഞ്ഞുകൊണ്ട് എങ്ങനെ അഭ്യാസികളെ ഇറങ്ങാൻ നിർബന്ധിക്കുമെന്ന് ഉടമകൾ. കാരണം ഇത് മരണക്കളിയാണല്ലോ!

ഉത്സവക്കാഴ്ചകൾ കണ്ട് കൺകുളിർന്നു നടന്നപ്പോൾ, തകർത്തു പെയ്ത മഴ മുടക്കിയ ശീവേലിയെ കുറിച്ചോർത്തു മാത്രം സങ്കടപ്പെട്ടപ്പോൾ, ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഉയർന്ന വെള്ളത്തെ മാത്രം ഓർത്തപ്പോൾ വെള്ളത്തിലായ ചില ജീവിതങ്ങളെ മാത്രം ആരും ശ്രദ്ധിച്ചില്ല. ക്ഷേത്രത്തിനകത്ത് വെള്ളമിറങ്ങിയുണ്ടായ ചെളിയിലൂടെ ദേവൻ എഴുന്നള്ളിയപ്പോൾ ക്ഷേത്രത്തിനു പുറത്ത് വെള്ളമിറങ്ങിയുണ്ടായ ചെളിയിൽ ചിലർ കിടന്നുറങ്ങി. സർക്കസ്സുകാരുടെയും മറ്റും ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണെന്ന് അവർ പറയുമ്പോൾ അതുകേട്ട് മിണ്ടാതെ നിന്നിട്ടും തൊണ്ടയിൽ കനം തൂങ്ങുന്നത് നമുക്കാണ്.

പൂരക്കാശ് പൊടിച്ച് കൈനിറയെ സാധനങ്ങളുമായി ഉത്സവപ്പറമ്പിൽ നിന്നുമിറങ്ങുന്നവരാരും ആ കച്ചവടക്കാരെ മനസ്സു നിറഞ്ഞ് ഒന്നു തിരിഞ്ഞുനോക്കിയിട്ടുണ്ടാകില്ല. മരണക്കിണർ പോലെയുള്ള അഭ്യാസങ്ങൾ കാണിച്ച് നമ്മെ വിസ്മയിപ്പിക്കുന്നവരുടെ ജീവൻ പിടഞ്ഞുള്ള കഴിവിനെ ആരും അഭിനന്ദിച്ചിട്ടുമുണ്ടാകില്ല. ഉത്സവനിറങ്ങളോളം ആഴ്ന്നിറങ്ങാൻ പാകത്തിൽ ഈ ഉത്സവ നാടോടികൾ നമ്മുടെയുള്ളിൽ ഒന്നും ബാക്കിവയ്ക്കുന്നില്ലായിരിക്കാം.


ഉത്സവം പടിയിറങ്ങി. കാഴ്ചകളും കാഴ്ചക്കാരുമെല്ലാം മടങ്ങി. എന്നിട്ടും കാഴ്ച്ചകളിവിടെ അവസാനിക്കുന്നില്ല, അവസാനിപ്പിക്കാനുമാകില്ല. ഇതിനെല്ലാമിടയിൽ കിടന്നോടിക്കൊണ്ടിരുന്ന ഉത്സവ വളണ്ടിയർമാരുടെ അക്ഷീണ പ്രവർത്തനങ്ങളും ക്ഷേത്ര കമ്മിറ്റിയുടെയും ഭാരവാഹികളുടെയും, തന്ത്രിമാരുടെയും പരികർമികളുടെയും പ്രവർത്തനങ്ങളും കാഴ്ചകളിലുണ്ട്. ഓർമ്മകളും കാഴ്ചകളും ഓർക്കാനും കാണാനുമുള്ളതാണ്; ജീവനുള്ളതിനെയെല്ലാം ചേർത്തുപിടിക്കാൻ കഴിയുന്ന സംസ്കാരത്തിലേക്ക് ഉയരാൻ പാകത്തിൽ പുതിയ ഉത്സവകാഴ്ചകൾക്കായി ഒരു വർഷം കൂടിയിനി കാത്തിരിക്കാം.


തയ്യാറാക്കിയത് : അഞ്ജലി ഇരിങ്ങാലക്കുട
ചിത്രങ്ങൾ : ശിവകുമാർ ശിവാനന്ദൻ, നിഖിൽ പറപ്പൂക്കര

Leave a comment

Top