
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ഉത്സവം കൊടിപ്പുറത്ത് വിളക്ക് ദിവസം സംഗമേശൻ്റെ ആദ്യ പഞ്ചാരിക്ക് കാലമിടാൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ എത്തും. ഉരുട്ടു ചെണ്ടയിൽ കലാമണ്ഡലം ശിവദാസ് കേളത്ത് സുന്ദരൻ, വീക്കൻ ചെണ്ടയിൽ പിണ്ടിയത്ത് ചന്ദ്രൻ നായർ, കുറുംങ്കുഴലിൽ പോഴങ്കണ്ടത്ത് ലിമേഷ് മുരളി, കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടിനായർ, ഇലത്താളത്തിൽ ചേർപ്പ് കുമ്മത്ത് നന്ദനൻ എന്നിവരും ആദ്യ പഞ്ചാരിയിൽ അണിനിരക്കുന്നു.
എൺപതു വയസ്സു കഴിഞ്ഞ കേളത്ത് അരവിന്ദാക്ഷൻ മാരാർ ഇരുപതാം വയസ്സിൽ പരിയാരത്ത് കുഞ്ഞൻമാരാരുടെ കൂടെ കൊട്ടിയാണ് കൂടൽമാണിക്യം ഉത്സവത്തിൽ തുടക്കം കുറിക്കുന്നത്.
പെരുവനം അപ്പുമാരാർ, തൃപ്പേക്കുളം അച്യുത മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവരുടെ കൂടെയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള മേള ജീവിതം. ആ കാലയളവിൽ അന്നമനട അച്യുതമാരാരുടെ കൂടെ പഞ്ചവാദ്യത്തിനു തിമിലക്കാരനായി അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാർക്കൊപ്പം നിരവധി തവണ പങ്കെടുത്തു. കൂടൽമാണിക്യസ്വാമിയുടെ സുവർണ്ണമുദ്രയ്ക്കും ഇദ്ദേഹം അർഹനായിട്ടുണ്ട്.