ശ്രീലങ്കയുടെയും പാകിസ്ഥാന്‍റെയും അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടരുത്: കെ.ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട: അയൽരാജ്യങ്ങളായ ശ്രീലങ്കയുടെയും പാകിസ്ഥാന്‍റെയും അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്ന വികലമായ നയങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് എ.ഐ.ടി.യു.സി. തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു. ഇന്ധനത്തിനും ജീവൻരക്ഷാ മരുന്നിനുമുൾപ്പെടെ സർവ്വസാമഗ്രികൾക്കുമുള്ള വിലക്കയറ്റത്തിനെതിരെ എ.ഐ.ടി.യു.സി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവലിബറൽ സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളില്ലാത്ത സ്വകാര്യ- കുത്തകവൽക്കരണവുമാണ് ഇന്ത്യ മഹാരാജ്യത്ത് പടർന്നു പിടിച്ചിട്ടുള്ള രൂക്ഷമായ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമെന്നും ഇതേ അവസ്ഥയാണ് ശ്രീലങ്കയേയും, പാകിസ്ഥാനേയും കലാപത്തിലേക്ക് തള്ളിവിട്ടതെന്നും ശിവാനന്ദൻ കൂട്ടിച്ചേർത്തു.

മോഹനൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ, മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം, കെ.വി. രാമകൃഷ്ണൻ, കെ.സി. ബിജു, ബാബു ചിങ്ങാരത്ത്, കെ.എസ്. പ്രസാദ്, കെ.പി. ഹരിദാസ്, മിഥുൻ പോട്ടക്കാരൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Leave a comment

Top