കൂടിയാട്ട മഹോത്സവത്തില്‍ വിക്രമോര്‍വ്വശീയം നാടകം അരങ്ങേറി

ഇരിങ്ങാലക്കുട : നടനകൈരളിയുടെ അഞ്ചാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസം കാളിദാസ കവിയുടെ വിക്രമോര്‍വ്വശീയം നാടകം അരങ്ങേറി. കൂടിയാട്ടത്തിന്‍റെ സവിശേഷതയായ പകര്‍ന്നാട്ടത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉള്‍ക്കൊണ്ടുകൊണ്ട് സൂത്രധാരന്‍, പുരൂരവസ്സ്, ഉര്‍വ്വശി എന്നീ മൂന്ന് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രശസ്ത കൂടിയാട്ടം ആചാര്യനായ വേണുജി ഈ നാടകത്തിന്‍റെ ആദ്യത്തെ മൂന്ന് അങ്കങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള പൂര്‍വ്വ ഭാഗം സംവിധാനം ചെയ്തിട്ടുള്ളത്.

ദേവാംഗനയും അഭിനേത്രിയുമായ ഉര്‍വ്വശി അളക രാജധാനിയില്‍ കുബേരന്‍റെ മുന്നില്‍ പൊന്‍താമര പൊയ്കകളാല്‍ ചുറ്റപ്പെട്ട രംഗമണ്ഡപത്തില്‍ നാട്യാവതരണം  നടത്തി  പാരിതോഷികങ്ങള്‍ സ്വീകരിച്ച് മടങ്ങിപോകുന്ന വഴിക്ക് കേശി എന്ന അസുരന്‍ അവളെ അപഹരിച്ചുകൊണ്ടു പോയപ്പോള്‍ പുരൂരവസ്സ് എന്ന മാനുഷ രാജാവ് അവളെ രക്ഷിക്കുന്നതും ഉര്‍വ്വശി അദ്ദേഹത്തില്‍ അനുരക്തയാവുന്നതും തുടര്‍ന്ന് ഭരതമുനി സംവിധാനം ചെയ്ത ലക്ഷ്മീസ്വയംവരം നാട്യം ഇന്ദ്രസദസ്സില്‍ അതരിപ്പിക്കുമ്പോള്‍ ലക്ഷ്മീദേവിയായി അരങ്ങിലെത്തിയ ഉര്‍വ്വശി താന്‍ സ്‌നേഹിക്കുന്നത് ‘പുരുഷോത്തമന്‍’ ആണെന്ന് പറയുന്നതിനു പകരം തന്‍റെ മനസ്സില്‍ അനുരാഗം സൃഷ്ടിച്ച ‘പുരൂരവസ്സ്’ എന്ന മാനുഷ രാജാവിന്‍റെ പേര് പറഞ്ഞ് കഥാപാത്രത്തില്‍ നിന്നും നടിയായി സ്വന്തം വികാരം ഉള്‍കൊണ്ടപ്പോള്‍ ഭരതമുനി ‘ഞാന്‍ പഠിപ്പിച്ചത് നീ തെറ്റിച്ചില്ലെ നിനക്കിനി ദേവലോകത്ത് സ്ഥാനമുണ്ടാവില്ല’ എന്ന് ശപിക്കുന്നതു വരെയുള്ള ഇതിവൃത്തമാണ് കൂടിയാട്ടമായി അവതരിപ്പിച്ചത്.

സൂത്രധാരനായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും, പുരൂരവസ്സായി സൂരജ് നമ്പ്യാരും ഉര്‍വ്വശിയായി കപിലാ വേണുവും അരങ്ങിലെത്തി. ‘വാക്യത്തിന്‍റെ അഭിനേയത’ എന്ന വിഷയത്തെക്കുറിച്ച് കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ പ്രഭാഷണം നടത്തി. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top