ശുദ്ധജല പദ്ധതിയിൽ നിസംഗത തുടർന്നാൽ അനിശ്ചിതകാല ജനകീയ സമരം ആരംഭിക്കും : തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : സമഗ്ര ശുദ്ധജല പദ്ധതി പൂർത്തീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ പറഞ്ഞു. സമഗ്ര ശുദ്ധജല പദ്ധതി പൂർത്തീകരിക്കാത്തതിനെതിരെ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. കടുത്ത വേനലായതോടെ ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്. പടിയൂർ, പൂമംഗലം, കാറളം, പഞ്ചായത്തുകളിലെ ഓരോ വ്യക്തിക്കും ദിനംപ്രതി 70 ലിറ്റർ ശുദ്ധജലം ലഭിക്കേണ്ടിയിരുന്ന സമഗ്ര ശുദ്ധജല പദ്ധതിയാണിത്. നബാർഡിൽ നിന്നുമാണ് ഇതിനായുള്ള 40 കോടി രൂപ അനുവദിച്ചത്.

തന്‍റെ കാലഘട്ടത്തിൽ തന്നെ കുടിവെള്ള പദ്ധതി നിർമാണം അവസാനഘട്ടത്തിലായിരുന്നുവെന്നും കാട്ടൂർ പഞ്ചായത്തിൽ പദ്ധതി പൂർത്തീകരിച്ച് ജനങ്ങൾക്ക് വെള്ളമെത്തിക്കാനായെന്നും കാറളം, പടിയൂർ പഞ്ചായത്തുകളിൽ പൈപ്പിടൽ ചിലർ തടസപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ 2016ൽ തന്നെ പണി പൂർത്തീകരിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ ഇൻടെക് വെൽ നിർമ്മാണം പൂർത്തിയാക്കി. പ്രതിദിനം 91 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ശുദ്ധീകരണശാലയുടെ നിർമ്മാണം കാറളത്ത് പൂർത്തിയാക്കി. പടിയൂർ പോത്താനിയിലും പൂമംഗലം കൽപറമ്പിലും ജലസംഭരണികളുടെ നിർമാണം കഴിഞ്ഞു.

കാറളത്തെ ജലസംഭരണിയുടെ പണി അവസാന ഘട്ടത്തിലായിരുന്നു. റോ വാട്ടർ.ക്ലിയർ വാട്ടർ പമ്പുസെറ്റുകൾ സ്ഥാപിച്ചു. വിതരണ ശൃംഖല 99 ശതമാനവും പൂർത്തിയാക്കി.ഏതാനും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമെ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളൂ. രണ്ട് വർഷ മായിട്ടും അതിന് പോലും സാധിക്കാതിരുന്നത് തികച്ചും അപലപനീയമാണെന്നും ഇനിയും ഈ നിസംഗത തുടർന്നാൽ അനിശ്ച്ചത കാല ജനകീയ സമരം സംഘടിപ്പിക്കുമെന്നും ഉണ്ണിയാടൻ പറഞ്ഞു.പ്രസിഡൻറ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു, ടി.കെ.വർഗീസ്, ബിജു ആന്റണി, പി.ടി.ജോർജ്, സിജോയ് തോമസ്, ഷൈനി ജോജോ, ശിവരാമൻ കൊല്ലംപറമ്പിൽ, ജോസ് അരിക്കാട്ട്, തുഷാര, ജെയിംസ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top