ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള ഏപ്രിൽ 1 ന് ആരംഭിക്കും

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള ഏപ്രിൽ 1 ന് ആരംഭിക്കും. രാവിലെ 9.30 ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചലച്ചിത്രമേളയുടെ ഉദ്ഘാടനവും ഫെസ്റ്റിവൽ ഗൈഡിൻ്റെ പ്രകാശനവും നിർവഹിക്കും.

സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥി ആയി പങ്കെടുക്കും. ഉദ്ഘാടന ചിത്രമായ ‘ ദി പോർട്രെയ്റ്റ്സ്’ ൻ്റെ സംവിധായകൻ ഡോ ബിജു ദാമോദരൻ, കേരള ഷോർട്ട് ഫിലിം ലീഗിൻ്റെ അവാർഡ് നേടിയ ” ദി ലോ ” യുടെ നിർമ്മാതാവ് ഷാജു വാലപ്പൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

എപ്രിൽ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പതിന്നാല് ഭാഷകളിൽ നിന്നായി 21 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മാസ് മൂവീസിൽ ഡോ ബിജുവിൻ്റെ ആന്തോളജി ചിത്രമായ ” ദി പോർ ട്രെയ്റ്റ്സ്” രാവിലെ 10 നും നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രമായ ” ഫോർ സം” ഉച്ചക്ക് 12 നും അൽബേനിയൻ സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിൻ്റെ കഥ പറയുന്ന ” ദി ഹൈവ്’ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിലും പ്രദർശിപ്പിക്കും.

Leave a comment

Top