അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു – ഇരിങ്ങാലക്കുടയിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നിരത്തിലിറക്കി

ഏറെ തിരക്കുള്ള കൊടുങ്ങല്ലൂർ – ഇരിങ്ങാലക്കുട – തൃശ്ശൂർ റൂട്ടിൽ രണ്ടു കെ.എസ്.ആർ.ടി.സി ബസുകൾ അധികമായി സർവീസ് നടത്തുന്നുണ്ട്. ചാലക്കുടി – ഇരിങ്ങാലക്കുട റൂട്ടിൽ രണ്ടു സർവീസുകൾ അധികമായി ഓടുന്നുണ്ട്. ഡിപ്പോയിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് പതിവുള്ള 14 സർവീസുകൾക്ക് പുറമെയാണിത്

ഇരിങ്ങാലക്കുട : അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയും ആകണം എന്നാണ് പ്രധാന ആവശ്യം. നിരക്ക് വർദ്ധനവ് ഉറപ്പു നൽകിയിട്ടും സർക്കാർ തീരുമാനം വൈകുന്നു എന്ന് ആരോപിച്ചാണ് ബസുടമകൾ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കുന്നത്.

സ്വകാര്യ ബസുകളുടെ പണിമുടക്ക് മൂലം ഉണ്ടാകുന്ന യാത്രാക്ലേശം ഒരു പരിധിവരെ പരിഹരിക്കാൻ ഇരിങ്ങാലക്കുട മേഖലയിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നിരത്തിലിറക്കി.

ഏറെ തിരക്കുള്ള കൊടുങ്ങല്ലൂർ – ഇരിങ്ങാലക്കുട – തൃശ്ശൂർ റൂട്ടിൽ രണ്ടു ബസുകൾ അധികമായി സർവീസ് നടത്തുന്നുണ്ട്. ചാലക്കുടി – ഇരിങ്ങാലക്കുട റൂട്ടിൽ രണ്ടു സർവീസുകൾ അധികമായി ഓടുന്നുണ്ട്. ഡിപ്പോയിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് പതിവുള്ള 14 സർവീസുകൾക്ക് പുറമെയാണിത്.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിച്ചാണ് ബദൽ സംവിധാനം. മൂന്നുപീടിക – ഇരിങ്ങാലക്കുട, കാട്ടൂർ – ഇരിങ്ങാലക്കുട, കൊടകര – ഇരിങ്ങാലക്കുട, ആമ്പലൂർ – ഇരിങ്ങാലക്കുട തുടങ്ങി മറ്റു ഉൾനാടൻ പ്രദേശങ്ങളിലേക്കും സ്വകാര്യ ബസ് സമരം നീണ്ടാൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവാണ് ഇതിന് ഏക തടസ്സം. കെഎസ്ആർടിസി ജീവനക്കാർ അവധി റദ്ദാക്കണമെന്ന മാനേജ്മെന്റ് നിർദേശിച്ചിട്ടുണ്ട്.

സമരക്കാർ ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചാൽ പൊലീസ് സഹായം തേടുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡിപ്പോയിൽ രണ്ടു പൊലീസുകാരെ ഡ്യൂട്ടി ഇട്ടിട്ടുണ്ട്.

Leave a comment

Top