വയോജന സംരക്ഷണനിയമം: കോളേജ് വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാമൂഹ്യനീതി വകുപ്പിന്‍റെയും, മെയിന്‍റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ “മുതിർന്ന പൗരന്മാരുടെ ക്ഷേമം- വയോജന സംരക്ഷണനിയമം 2007, ഡിമെൻഷ്യ പരിചരണം” എന്ന വിഷയത്തിൽ കോളേജ് എൻ.എസ്.എസ്. വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ്‌ ” സംഘടിപ്പിച്ചു. ഇരിങ്ങാലക്കട സെന്‍റ് . ജോസഫ്സ് കോളേജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾക്കായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

ഇരിങ്ങാലക്കുട ആർ.ഡി.ഒ. സീനിയർ സൂപ്രണ്ട് ഷറഫുദ്ധീൻ എം.എ. ഉദ്‌ഘാടനം നിർവഹിച്ചു. സെന്‍റ് . ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ആശ തെരേസ് അധ്യക്ഷത വഹിച്ചു.

വയോജന ക്ഷേമം ആധാരമാക്കി ബഹുമാനപ്പെട്ട സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ. ആയ എം.എച്ച്.ഹരീഷ് എന്നിവരുടെ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ വീഡിയോ സന്ദേശം റിലീസ് ചെയ്യുകയും ബോധവൽക്കരണത്തിനായി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്‍റ് മാർഷൽ സി.രാധാകൃഷ്ണൻ “മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007- വയോജന സംരക്ഷണത്തിൽ കോളേജ് വിദ്യാർത്ഥികളുടെ പങ്ക്” എന്ന വിഷയത്തിൽ നിയമ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.

“അറിയാം ഡിമെഷ്യയെ…. കരുതാം മുതിർന്നവരെ….” എന്ന മറവിരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സോഷ്യൽ വർക്കറും സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ സെന്‍റർ അഡ്മിനിസ്ട്രേറ്ററുമായ സുരേഷ്കുമാർ ഒ.പി. നയിച്ചു.

മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ നടത്തുന്ന പ്രവർത്തങ്ങളെക്കുറിച്ച് സീനിയർ ക്ലാർക്കുമാരായ പ്രസീത ജി. സംസാരിച്ചു.

മെയിന്‍റനൻസ് ട്രൈബ്യൂണൽ സെക്ഷൻ ക്ലർക്ക് കസ്തുർബായ് ഐ.ആർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.സിനി വർഗീസ് സി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എൻ.എസ്.എസ്. വിദ്യാർത്ഥികൾ വയോജന ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾ ചോദിക്കുകയും മുതിർന്നവരുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടികളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു. സാമൂഹ്യനീതി വകുപ്പിന്‍റെ വയോജന ക്ഷേമ ബോധവത്കരണ ബ്രോഷർ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. വയോജന സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള “പ്രതിജ്ഞ” വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി.

സെന്‍റ് . ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അമൃത തോമസ് സ്വാഗതവും എൻ.എസ്.എസ്. വോളന്റീയർ ഫ്ലോറിപ്സ് തോമസ് നന്ദിയും പറഞ്ഞു.

Leave a comment

Top