ബി.ജെ.പി. കെ റെയിൽ വിരുദ്ധ പദയാത്രാ സമാപനം മാർച്ച് 19ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: ബി.ജെ.പി. തൃശ്ശൂർ ജില്ലാ അധ്യക്ഷൻ അഡ്വ.കെ.കെ.അനീഷ് കുമാർ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്ര 18 ന് കുന്ദംകുളത്ത് നിന്ന് ആരംഭിച്ച് 19 ന് ഇരിങ്ങാലക്കുടയിൽ സമാപിക്കും. 18 ന് രാവിലെ 9 മണിക്ക് കുന്ദംകുളം പഴയ ബസ്സ്റ്റാൻ്റ് പരിസരത്ത് മെട്രോമാൻ ഇ. ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മുഖ്യപ്രഭാഷണം നടത്തും. 18 ന് വൈകീട്ട് തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ നടക്കുന്ന പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കും. 19 – ന് രാവിലെ തൃശ്ശൂരിൽ നിന്ന് തുടങ്ങി വൈകീട്ട് ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാൾ പരിസരത്ത് സമാപിക്കുന്ന പദയാത്രയുടെ സമാപന പൊതുയോഗം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ബി.ജെ.പി. സംസ്ഥാന നേതാക്കളായ പി.കെ. കൃഷ്ണദാസ്, സി.കൃഷ്ണകുമാർ , എ.എൻ. രാധാകൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ, അഡ്വ. നാരായണൻ നമ്പൂതിരി, ബി.ഗോപാലകൃഷ്ണൻ, ഏ. നാഗേഷ്, ടി.പി. സിന്ധുമോൾ, വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സന്ദീപ് വാചസ്പതി, ഷാജുമോൻ വട്ടേക്കാട്, അഡ്വ. നിവേദിത എന്നിവർ പദയാത്രയുടെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കും.

യാത്രയിൽ ഒരേ സമയം 5000 പ്രവർത്തകർ അണിനിരക്കും. സിൽവർ ലൈൻ റെയിൽ ഇരകളും കുടുംബസമേതം യാത്രയിൽ അണിചേരും. ജില്ലയിൽ 8000 കുടുംബങ്ങൾ കുടിയിറക്കപ്പെടുന്നുണ്ട്. അവരെയെല്ലാം പദയാത്രയിലും പൊതുയോഗങ്ങളിലും പങ്കെടുപ്പിക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. പദയാത്രയുടെ ഭാഗമായി ജാഥയുയർത്തുന്ന ആശയങ്ങൾ വിശദീകരിക്കുന്ന നാടൻപാട്ടും ഓട്ടൻ തുള്ളലും കവിതാലാപനവുമുണ്ടാകും.

യാത്രയുടെ വിളംബരം എന്ന നിലയിൽ മാർച്ച് 13 ന് 2000 ബൂത്തു കേന്ദ്രങ്ങളിൽ പതാക ദിനം നടന്നു. ജില്ലാ ജന.സെക്രട്ടറിമാരായ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് യാത്രയുടെ വിജയത്തിനായി ചെയ്തു വരുന്നത്.

Leave a comment

Top