ക്രൈസ്റ്റ് കോളേജിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് മാർച്ച് 15 ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നിന്നും വിരമിക്കുന്ന സയൻസ് വിഭാഗം ഡീനും ബോട്ടണി വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. ടെസ്സി പോൾ പി, ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്‍റ് അധ്യാപകനായ ഡോ. തോമസ് വി.എ. എന്നിവർക്ക് മാർച്ച് 15 ന് യാത്രയയപ്പ് നൽകും.

കേരള സർക്കാർ എയ്ഡഡ് മേഖലയിലെ കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിച്ചപ്പോൾ കേരളത്തിൽ ഈ പദവി ലഭിച്ച ആദ്യ വ്യക്തിയാണ് പ്രൊഫ. ഡോ. ടെസ്സി പോൾ. 1993 ൽ സർവീസിൽ പ്രവേശിച്ച ഡോ. ടെസ്സി പോൾ അധ്യാപന ഗവേഷണരംഗത്ത് 29 വർഷത്തെ സേവനത്തിനു ശേഷമാണ് ക്രൈസ്റ്റ് കോളേജിന്‍റെ പടിയിറങ്ങുന്നത്.

സസ്യശാസ്ത്ര രംഗത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറായും റിസർച്ച് ഉപദേശക സമിതിയിൽ വൈസ് ചാൻസലറുടെ നോമിനിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളേജിൽ സയൻസ് വിഭാഗം ഡീൻ, അക്കാദമിക് കൗൺസിൽ സെക്രട്ടറി, ബോട്ടണി വിഭാഗം മേധാവി, ബോട്ടണി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ തുടങ്ങി നിരവധി പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയ-അന്തർദേശീയ ജേർണലുകളിൽ മുപ്പതോളം ഗവേഷണ പ്രസിദ്ധീകരണങ്ങൾക്ക് പുറമേ ക്രൈസ്റ്റ് കോളേജ് ക്യാമ്പസിലെ സസ്യജാലങ്ങളെപറ്റി ‘ട്രീസ് ഓഫ് മങ്ങാടിക്കുന്ന്’ എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൽഗൽ ടാക്സോണമി, പ്ലാൻറ് ടിഷ്യുകൾച്ചർ, മലിനീകരണം, ചതുപ്പുനില സംരക്ഷണം എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്ന ഡോ. ടെസ്സി പോൾ നാല് ഗവേഷക വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്.

ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് അധ്യാപകനായ ഡോ. തോമസ് വി.എ. തന്‍റെ 26 വർഷത്തെ അധ്യാപനത്തിന് ശേഷമാണ് ക്രൈസ്റ്റ് കോളേജിൽ നിന്നും വിരമിക്കുന്നത്. 1996 ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം കേരള ഫുട്ബോൾ അസോസിയേഷന്‍റെ അംഗീകൃത റഫറിയാണ്.

ഹോക്കി ഐച്ഛിക വിഷയമായി എടുത്ത ഡോ. തോമസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ ഹോക്കി ടീമിന്‍റെ കോച്ചായും പുരുഷ-വനിത ടീമുകളുടെ സെലക്ടറായും തൃശ്ശൂർ ജില്ല റൂറൽ ഹോക്കി ടീമിന്‍റെ സെലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ക്രൈസ്റ്റ് കോളേജിൽ ചീഫ് എക്സാമിനേഷൻ superintendent, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ, ഹോസ്റ്റൽ അസിസ്റ്റന്‍റ് വാർഡൻ, ബി.പി.ഇ. ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. തോമസ് വി.എ, ലണ്ടൻ കോളേജ് ഓഫ് മ്യൂസികിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ച വയലിനിസ്റ്റ് കൂടിയാണ്.

മാർച്ച് 15 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന യാത്രയയപ്പ്‌ സമ്മേളനത്തിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ മുഖ്യാതിഥിയായിരിക്കും. രാമനാഥപുരം രൂപത ബിഷപ്പ് ഡോ. പോൾ ആലപ്പാട്ട് പ്രഭാഷണം നടത്തും. സി.എം.ഐ. തൃശൂർ പ്രൊവിൻഷ്യൽ ഡോ. ഡേവിസ് പനയ്ക്കൽ ആശംസകൾ അർപ്പിക്കും.

Leave a comment

Top