വംശനാശം സംഭവിച്ചു എന്നു കരുതിയ രണ്ടിനം ചിലന്തികളെ ക്രൈസ്റ്റ് കോളേജ് ക്യാമ്പസ്സിൽ നിന്നും കണ്ടെത്തി

1887 ൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നും കണ്ടെത്തിയ മൈക്രോഫോൾക്ക്‌സ് ഫറോട്ടിനെ 134 വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് കണ്ടെത്തുന്നത്. 1921 ൽ അതിരപ്പിള്ളി വനത്തിൽ നിന്നും ടെട്രാഗ്നാത്ത കൊച്ചിനെൻസിസ് ചിലന്തിയെ കണ്ടുപിടിച്ചതിനു ശേഷം ഇതാദ്യമായാണ് ഈ ചിലന്തിയെ ഇപ്പോൾ കണ്ടെത്തുന്നത്

ഇരിങ്ങാലക്കുട : വംശനാശം സംഭവിച്ചു എന്നു കരുതിയ രണ്ടിനം ചിലന്തികളെ ക്രൈസ്റ്റ് കോളേജ് ക്യാമ്പസ്സിൽ നിന്നും കണ്ടെത്തി. കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. നീളൻകാലൻചിലന്തി കുടുംബത്തിൽ വരുന്ന മൈക്രോഫോൾക്ക്‌സ് ഫറോട്ടി (Micropholcus fauroti) എന്ന ശാസ്ത്ര നാമമുള്ള ചിലന്തിയാണ് ഇതിൽ ആദ്യത്തേത്.

ഫ്രഞ്ച് ചിലന്തി ഗവേഷകനായ ഡോ. യൂജിൻ സൈമൺ (Dr. Eugène Simon) 1887 ൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നും കണ്ടെത്തിയ ഇതിനെ 134 വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് കണ്ടെത്തുന്നത്. ഉരുണ്ട ശരീരത്തോടുകൂടിയ ഇവയുടെ വലിപ്പം വെറും 2 മില്ലിമീറ്റർ മാത്രമാണ്.

വളരെ ചെറിയ തിളങ്ങുന്ന 8 കണ്ണുകൾ നാലു കൂട്ടമായാണ് ഇരിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ശരീരത്തിൽ വെളുത്ത പൊട്ടുകൾ കാണാം. വളരെ നീളം കൂടിയ പെട്ടെന്ന് ഒടിഞ്ഞു പോകുന്ന കാലുകളാണ് ഇവക്കുള്ളത്. ഇലകൾക്കടിയിൽ വലിച്ചുകെട്ടിയ നൂലുപയോഗിച്ചാണ് ഇവ ഇര പിടിക്കുന്നത്. പെൺചിലന്തി വെളുത്ത മുത്തുപോലിരിക്കുന്ന മുട്ടകൾ ചിലന്തിനൂലിനാൽ പൊതിഞ്ഞു ചുണ്ടോടുചേർത്ത് കൊണ്ടു നടക്കുകയാണ് ചെയുന്നത്.


നീണ്ടതാടിക്കാരൻചിലന്തി കുടുംബത്തിൽ വരുന്ന ടെട്രാഗ്നാത്ത കൊച്ചിനെൻസിസ് (Tetragnatha cochinensis) എന്ന ശാസ്ത്ര നാമമുള്ള ചിലന്തിയാണ് രണ്ടാമത്തേത്. മദ്രാസ് മ്യൂസിയം ഡയറക്ടർ ആയിരുന്ന ബ്രിട്ടീഷ് ചിലന്തി ഗവേഷകനായ ഡോ. ഫ്രഡറിക് ഹെൻറി ഗ്രവേലി (Dr. Frederic Henry Gravely) 1921 ൽ അതിരപ്പിള്ളി വനത്തിൽ നിന്നും ഈ ചിലന്തിയെ കണ്ടുപിടിച്ചതിനു ശേഷം ശേഷം ഇതാദ്യമായാണ് ഈ ചിലന്തിയെ കണ്ടെത്തുന്നത്. അദ്ദേഹം പെൺ ചിലന്തിയെ മാത്രമാണ് കണ്ടെത്തിയത്.

ആൺ ചിലന്തിയുടെ നീണ്ട താടിയുടെ ഉൾഭാഗത്തായി നാലു പല്ലുകളും പുറം ഭാഗത്തായി മൂന്നു പല്ലുകളുമുണ്ട്. താടിയുടെ അഗ്രഭാഗത്തായി പുറത്തേക്കു വളഞ്ഞു നിൽക്കുന്ന മുള്ളുകളുമുണ്ട്. ഈ മുള്ളുകൾ ഇണ ചേരുമ്പോൾ പെൺ ചിലന്തിയെ പിടിച്ചു നിർത്താനാണ് ഉപയോഗിക്കുന്നത്. ഈ മുള്ളുകളുടെ നീളവും അവയുടെ വളവും ആണ് ഈ ചിലന്തിയെ തിരിച്ചറിയാൻ സഹായിക്കുന്നത്.

ആൺ ചിലന്തിയുടെ നീണ്ട ഇരുണ്ട ഉദരത്തിന്റെ മുകൾ ഭാഗത്തായി നീണ്ട വരയും പാർശ്വങ്ങളിലായി കറുത്ത കുത്തുകളുമുണ്ട്. ഉദരത്തിന്റെ അടിഭാഗം കറുത്ത നിറത്തിലുള്ളതാണ്. ആൺ ചിലന്തിയുടെ നീളം നാല് മില്ലിമീറ്റർ മാത്രമാണ്. പെൺ ചിലന്തിയുടെ നീണ്ട താടിയുടെ ഉൾഭാഗത്തായി പതിനാലു പല്ലുകളും പുറം ഭാഗത്തായി എട്ടു പല്ലുകളുമുണ്ട്. ആറു മില്ലിമീറ്റർ നീളമുള്ള പെൺ ചിലന്തിയുടെ ഉദരത്തിന്റെ മുകളിൽ വെളുത്ത കുത്തുകളും പാർശ്വങ്ങളിലായി കറുത്ത വരകളുമുണ്ട്.



ആൺ ചിലന്തിയുടെയും പെൺചിലന്തിയുടെയും ഇളം മഞ്ഞ നിറത്തിലുള്ള തലയിൽ രണ്ടു നിരകളിലായി എട്ട് കണ്ണുകളും മധ്യത്തിലായി ഇരുണ്ട നിറത്തിലുള്ള നീണ്ട വരയുമുണ്ട്. വെള്ളം കെട്ടികിടക്കുന്ന പുൽമേടുകളിൽ കാണുന്ന ഇവ പകൽ സമയത്തു ഇലകൾക്കടിയിൽ ഒളിച്ചിരിക്കുന്നു. വട്ടത്തിൽ വലയുണ്ടാക്കുന്ന ഇവ രാത്രിമാത്രമാണ് ഇരപിടിക്കാൻ പുറത്തേക്കു വരുന്നത്. ഇണ ചേരുന്നതിനു ശേഷം പെൺചിലന്തി പുൽനാമ്പുകളുടെ അടിഭാഗത്തായി മുട്ടകളിട്ട് അടയിരിക്കുന്നു.

ദേശിയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും സാമ്പത്തിക സഹായത്തോടെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാർ എ.വി. യുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗവേഷണ വിദ്യാർത്ഥികളായ വിഷ്ണു ഹരിദാസ്, അഞ്ജു കെ. ബേബി എന്നിവരോടൊപ്പം തൃശൂർ കേരള വർമ്മ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപികയായ ഡോ. ഉഷ ഭഗീരഥനും പങ്കാളികളായി. ഈ കണ്ടു പിടിത്തം ഈജിപ്ത് ൽ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാക്ഷ്ട്ര ശാസ്ത്രമാസികയായ സെർക്കറ്റിന്റെ (Serket) അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a comment

Top