ദീർഘവീക്ഷണമില്ലാത്ത ഗതാഗത നിയന്ത്രണത്തിൽ പൊറുതിമുട്ടി ജനം

ഇരിങ്ങാലക്കുട : ടൈൽ പാകുന്നതിന്‍റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണത്തെ തുടർന്ന് ബസ് ഇറങ്ങുന്നവർക്ക് ബസ്സ്റ്റാൻഡിൽ നിന്നും കാട്ടൂർ റോഡ് ഭാഗത്തേക്ക് നടന്നു നീങ്ങാൻ പോലും ഇടമിടാതെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ യാത്രക്കാർക്കു രോക്ഷം.

കാട്ടൂർ റോഡിൽ നിന്നും ബസ്സ്റ്റാൻഡിലേക്ക് ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ യാത്രക്കാരെ ബൈപാസ്സ്‌ റോഡ് അവസാനിക്കുന്നിടത്ത് ഇറക്കിവിടുകയാണ്. പക്ഷെ ടൈൽ വിരിക്കൽ പുരോഗമിക്കുന്നതിനാൽ യാത്രക്കാർക്ക് ഇതുവഴി നടന്ന സ്റ്റാന്റിലെത്താൻ പറ്റുന്നില്ല.

കാട്ടൂർ റോഡിന്‍റെ ആരംഭത്തിൽ തന്നെ ടാർ വീപ്പകൾ വച്ച് റോഡ് ബ്ലോക്ക് ചെയ്തതിനെ ഇവിടെ ഉണ്ടായിരുന്ന ടാക്സി സ്റ്റാൻഡിലെ തൊഴിലാളികൾ ചോദ്യം ചെയ്തു. ഗതാഗത നിയന്ത്രണത്തോട് തങ്ങൾക്ക് സഹകരിക്കാൻ ബുദ്ധിമുട്ടിലെന്നും പക്ഷെ ദീർഘവീക്ഷണമില്ലാതെയുള്ള ഇത്തരം നിയന്ത്രണങ്ങളോട് തങ്ങൾക്ക് പ്രതിഷേധം ഉണ്ടെന്നും ഇവർ അറിയിച്ചു. ടാക്സി സ്റ്റാന്റിൽ വാഹനം ഇടാൻ സാധിക്കാത്തതിനാൽ ഇവർ കാട്ടൂർ റോഡ് ആരംഭിക്കുന്നിടത്ത് റോഡ് ബ്ലോക്ക് ചെയ്തിടത്ത് വാഹനങ്ങൾ നിരത്തിയിട്ടു.

16-ാം തിയ്യതി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും എന്ന അറിയിപ്പ് ഉണ്ടെങ്കിലും പണികൾ തീരില്ലെന്നാണ് ഇവർ പറയുന്നത്. പരിചയസമ്പന്നരല്ലാത്ത വെറും മൂന്ന് തൊഴിലാളികളെ വച്ച് കൊണ്ടാണ് പണികൾ മുന്നോട്ട് നീക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ പോലീസിന്‍റെ അഭാവവും ഉണ്ട്. മെയിൻ റോഡിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ വൺവേ പാലിക്കാതെ ചീറി പായുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

Leave a comment

Leave a Reply

Top