നഗരസഭയുടെ വാഹനം നിയമവിരുദ്ധമായി ചെയർപേഴ്സന്റെ വീട്ടിൽ രാത്രി കൊണ്ട് ഇടുന്നതിൽ ബി.ജെ.പി പ്രതിക്ഷേധിച്ചു

നഗരസഭ വാഹനങ്ങളുടെ കസ്റ്റോഡിയൻ നഗരസഭ സെക്രട്ടറിയാണ്. വാഹനങ്ങൾ നഗരസഭയുടെ ഗാരേജിൽ സൂക്ഷിക്കണമെന്നാണ് നിയമം. സെക്രട്ടറിയുടെ അറിവോടെയാണോ ചെയർപേഴ്സൺ ഇത് ചെയ്യുന്നതെന്ന് സെക്രട്ടറി വ്യക്തമാക്കണമെന്ന് ബി ജെ പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും നഗരസഭാ ചെയർപേഴ്സൺ ഉപയോഗിക്കുന്നതുമായ വാഹനം നിയമവിരുദ്ധമായി ചെയർപേഴ്സന്റെ വീട്ടിൽ രാത്രി കൊണ്ട് ഇടുന്നതിൽ ബി.ജെ.പി പാർളിമെന്ററി പാർട്ടി യോഗം പ്രതിക്ഷേധിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരസഭ ചെയർപേഴ്സന്റെ വീട്ടിലാണ് രാത്രിയിൽ നഗരസഭയുടെ കാറ് സൂക്ഷിക്കുന്നത്. നഗരസഭ വാഹനങ്ങളുടെ കസ്റ്റോഡിയൻ നഗരസഭ സെക്രട്ടറിയാണ്. വാഹനങ്ങൾ മുൻസിപ്പാലിറ്റിയുടെ ഗാരേജിൽ സൂക്ഷിക്കണമെന്നാണ് നിയമം പറയുന്നത്. സെക്രട്ടറിയുടെ അറിവോടെയാണോ ചെയർപേഴ്സൺ ഇത് ചെയ്യുന്നതെന്ന് സെക്രട്ടറി വ്യക്തമാക്കണമെന്ന് ബി ജെ പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുൻസിപ്പൽ ഓഫീസിന് മുമ്പിലും ടൗൺ ഹാളിലുമായിട്ടാണ് രാത്രി സമയങ്ങളിൽ നഗരസഭ വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. ടൗൺ ഹാളിൽ ഇപ്പോൾ അററകുററപ്പണി നടക്കുന്നതിനാൽ അവിടെ വാഹനങ്ങൾ രാത്രി സൂക്ഷിക്കുന്നില്ല. ചെയർപേഴ്സന്റെ വാഹനം ഒഴിച്ച് ബാക്കിയെല്ലാ വാഹനങ്ങളും നഗരസഭയുടെ മുമ്പിലാണ് സൂക്ഷിക്കുന്നത്. ഈ വാഹനവും നഗരസഭയുടെ മുമ്പിൽ സൂക്ഷിക്കുവാൻ സ്ഥലമുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സെക്രട്ടറി വ്യക്തമാക്കുകയും വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

യോഗം പാർളിമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷാജു ട്ടൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മായ അജയൻ, വിജയകുമാരി അനിലൻ, അമ്പിളി ജയൻ, സ്മിത കൃഷ്കുമാർ, സരിത സുഭാഷ്, ആർച്ച അനിഷ് എന്നിവർ പ്രസംഗിച്ചു.

എന്നാൽ നഗരസഭയുടെ വാഹനങ്ങൾ പതിവായി സൂക്ഷിക്കുന്ന ടൗൺ ഹാൾ പരിസരത്ത് ഇപ്പോൾ അററകുററപ്പണി നടക്കുന്നതിനാൽ ചെയർപേഴ്സൺ ഉപയോഗിക്കുന്ന എർട്ടിഗ കാർ അവിടെ ഇടാൻ പറ്റാത്തതുകൊണ്ടും, പകരം ഇപ്പോൾ താത്കാലികമായി വാഹനങ്ങൾ സൂക്ഷിക്കുന്ന നഗരസഭാ ഓഫീസിനു മുന്നിൽ സുരക്ഷിതത്വം കുറവുള്ളതിനാലും ഈ വാഹനം ഉള്ളതിൽ പുതിയതായതിനാലുമാണ് തന്റെ വീട്ടിൽ രാത്രി പാർക്കുചെയ്യുന്നതെന്നും നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി ഈ ആരോപണത്തിന് മറുപടിയായി പറഞ്ഞു.

Leave a comment

Top