മലബാർ രാമൻനായർ സ്മാരകപുരസ്കാരം മുരിയാട് മുരളീധരനും അമ്പലപ്പുഴ സുരേഷ് വർമ്മക്കും

അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതിയും മലബാർ രാമൻ നായർ അനുസ്മരണ സമിതിയും ചേർന്ന് നല്കി വരുന്ന മലബാർ രാമൻ നായർ സ്മാരക തുള്ളൽ പുരസ്കാരം പ്രഖ്യാപിച്ചു. 2020ലെ പുരസ്കാരത്തിന് മുരിയാട് മുരളീധരനും 2021ലെ പുരസ്കാരത്തിന് അമ്പലപ്പുഴ സുരേഷ് വർമ്മയും അർഹരായി. കലാമണ്ഡലം പരമേശ്വരൻ, രാമകൃഷ്ണൻ കണ്ണോം, മണലൂർ ഗോപിനാഥ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാർഡു ജേതാക്കളെ തിരഞ്ഞെടുത്തത്.10,001 രൂപയും, ശില്പവും, പ്രശസ്തിപത്രവും, പൊന്നാടയുമടങ്ങിയതാണ് പുരസ്കാരം .ഡിസംബർ അവസാനവാരം നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു സമിതി ജനറൽ കൺവീനർ സജീവൻ നമ്പിയത്ത് അറിയിച്ചു.

ഓട്ടൻതുള്ളൽ രംഗത്ത് 45 വർഷത്തോളമായി പ്രവർത്തിക്കുന്ന മുരിയാട് മുരളീധരൻ നാലായിരത്തോളം സ്റ്റേജുകളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. ഓട്ടൻതുള്ളലിൽ തനതായ ഒരു ശൈലിക്ക് രൂപം നലകിയ ഇദ്ദേഹം നല്ലൊരു നൃത്താധ്യാപകനും കൂടിയാണ്. പ്രസിദ്ധ ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയവയും അഭ്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്പതു കൊല്ലമായി ഇരിങ്ങാലക്കുടയിൽ കൈരളി നാട്യകലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം നടത്തി വരുന്നു. തുള്ളലിനൊപ്പം മറ്റു ശാസ്ത്രീയ നൃത്തങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

2021 ലെ അവാർഡു നേടിയ അമ്പലപ്പുഴ സുരേഷ് വർമ്മ.സി.ആർ.കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ തുള്ളൽ അധ്യാപകനാണ്. 32 വർഷമായി തുള്ളൽ കലാരംഗത്തുള്ള ഇദ്ദേഹം തുള്ളലിനു പുറമേ വേലകളി, പഞ്ചവാദ്യം, വേല തകിൽ, കഥകളി എന്നിവയിലും പ്രഗത്ഭനാണ്.പ്രശസ്തരായ ഗുരുക്കന്മാരിൽ നിന്നാണു സുരേഷ് വർമ്മ ഈ കലാരൂപങ്ങൾ അഭ്യസിച്ചിട്ടുള്ളത്.നിരവധി പ്രശസ്തപുരസ്കാരങ്ങൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top