ചാലാംപാടം ഉപതിരഞ്ഞെടുപ്പ് തുടരുന്നു , ഉച്ചവരെ 42.5 % പോളിങ്

ഇരിങ്ങാലക്കുട : നഗരസഭ 18-ാം വാർഡ് ചാലാംപാടം ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു ഉച്ചക്ക് 12 മണിവരെ 42.5 % പോളിങ് നടന്നതായി പ്രിസൈഡിങ് ഓഫീസർ. ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്കൂളിൽ ഒരുക്കിയ ബൂത്ത് നമ്പർ ഒന്നിൽ രാവിലെ 6 മണിക്ക് മോക്ക്‌പോൾ നടത്തി ഇ.വി.എം മെഷീനുകൾ പ്രവർത്തനക്ഷമമാണെന്നു ഉറപ്പുവരുത്തി. വോട്ടെടുപ്പ് 7 മണിക്ക് ആരംഭിച്ചു.

രാവിലെ മന്ദഗതിയിലാരംഭിച്ച പോളിങ്ങിൽ പക്ഷെ ഉച്ചയോടെ ബൂത്തുകളിൽ തിരക്കനുഭവപ്പെട്ടു. വൈകുന്നേരം 6 മണി വരെയാണ് പോളിങ് . വോട്ടെടുപ്പ് കർശനമായ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ മാസ്‌ക് നിർബന്ധമാണ്. വോട്ട് ചെയ്യുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും സാനിറ്റൈസർ നൽകുന്നുണ്ട്. പോളിംഗ് ബൂത്തിന് അകത്തും പുറത്തും സാമൂഹിക അകലം ഉറപ്പാകിയാണ് വരികൾ നിറുത്തുന്നത്.

5 മണി മുതൽ 6 മണി വരെ കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ തുടരുന്നവർക്കും വോട്ട് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. 10 ബാലറ്റുകൾ ക്വാറന്റൈനിൽ തുടരുന്നവർക്കായി ഇന്നലെ അനുവദിച്ചിട്ടുണ്ട്.

നഗരസഭയിലെ 18-ാം വാർഡ് ചാലാംപാടം ഉപതിരഞ്ഞെടുപ്പിൽ മൊത്തം 1105 വോട്ടുകളാണുള്ളത് . 520 പുരുഷന്മാരും, 585 സ്ത്രീ വോട്ടർമാരും. ഉച്ചവരെയുള്ള പോളിങ് ശതമാനത്തിൽ എല്ലാ മുന്നണികളും വിജയപ്രതീക്ഷയിലാണ്.

അഖിൽ രാജ് ആൻ്റണി (എൽ.ഡി.എഫ് ), മിനി ജോസ് ചാക്കോള (യു.ഡിഎഫ്), ജോർജ് ആളൂക്കാരൻ (എൻ ഡി എ) എന്നിവരാണ് മത്സരരംഗത്തുള്ളത്. നിലവിൽ കൗൺസിലറായിരുന്ന യു.ഡി.എഫിലെ ജോസ് ചാക്കോളയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

Leave a comment

Top