സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ

ഇരിങ്ങാലക്കുട : സ്വന്തമായി വീടോ സംരക്ഷിക്കാൻ ബന്ധുക്കളോ ഇല്ലാതെ വഴിയരികിൽ കഴിഞ്ഞിരുന്ന വായോധികന് സംരക്ഷണമൊരുക്കാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ ഇടപെടൽ. സംരക്ഷിക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന വായോധികന്റെ ജീവിതാവസ്ഥ മുനിസിപ്പൽ കൗൺസിലർ ജയാനന്ദൻ.ടി. കെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഡോ.ആർ.ബിന്ദു വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ എം.എച്ച്.ഹരീഷിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ആയിരുന്നു.

മുതിർന്ന പൗരന്മാരുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഫോൺ നിർദ്ദേശപ്രകാരം അടിയന്തിര അന്വേഷണം നടത്തുകയും പുത്തൻതോടിന് സമീപം വഴിയരികിൽ കഴിഞ്ഞിരുന്ന കല്ലേറ്റുംകര തങ്കപ്പൻ നായർ (61) എന്ന വയോധികന്റെ ജീവിതസാഹചര്യം കാണിച്ചു സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും,ഇരിങ്ങാലക്കുട ആർ.ഡി.ഓ യ്ക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും റിപ്പോർട്ട്‌ നൽകുകയുമായിരുന്നു.സാമൂഹ്യനീതി ഓഫീസർ ഇൻചാർജ് കെ.ജി. രാഗപ്രിയ, ഓർഫനേജ് കൗൺസിലർ മാർഗ്ഗരറ്റ് പാട്രിസൺ എന്നിവർ പുനരധിവാസ സ്ഥാപനം നിർദ്ദേശിച്ചു. തുടർന്ന് ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ എം.എച്ച്. ഹരീഷ്, തങ്കപ്പൻ നായരെ ചാലക്കുടി കുറ്റിക്കാടുള്ള ഫെനുവൽ ഫൌണ്ടേഷൻ എന്ന പുനരധിവാസകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവ് നൽകുകയായിരുന്നു.

അവിവാഹിതനും ആശ്രയിക്കാൻ ആരുമില്ലാത്ത തങ്കപ്പൻ നായർ വഴിയരികിൽ വർഷങ്ങളായി കഴിഞ്ഞു വന്നിരുന്നതായും നിലവിൽ വർദ്ധക്യത്തിന്റെ അവശത അനുഭവിച്ചു വഴിയിലും, കടത്തിണ്ണകളിലും അന്തിയുറങ്ങുന്നതായും നാട്ടുകാർ പറയുന്നു.സുമസുകളായ ചിലർ ആണ് ചില സമയങ്ങളിൽ ഭക്ഷണം വാങ്ങി നൽകുന്നത് പോലും. വർഷങ്ങളായി തീപ്പെട്ടി കമ്പനിയിലും, കൊപ്രക്കളത്തിലും ജോലി ചെയ്ത് വന്നിരുന്ന തങ്കപ്പൻനായർക്ക് ഇപ്പോൾ ജോലി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പുത്തൻതോട് വാർഡ് -3 ലെ കൗൺസിലർ പ്രവീൺ. കെ.,ആശാവർക്കർ ദേവി എന്നിവർ വായോധികനെ കോവിഡ് ടെസ്റ്റിന് വിധേയമാകുയും ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.

തുടർന്ന് ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ എം.എച്ച്.ഹരീഷ്,സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി വയോധികന്റെ സംരക്ഷണമുറപ്പാക്കാൻ ഉത്തരവ് കൈമാറി. മുനിസിപ്പൽ കൗൺസിലർമാരായ പ്രവീൺ.കെ., ജയാനന്ദൻ.ടി. കെ, പി.എം.മോഹനൻ,പോളി കല്ലേരി കാഞ്ഞിരക്കാടൻ, ദീപക് ദിവാകരൻ എന്നിവർ സ്ഥലത്തെത്തി തങ്കപ്പൻ നായരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top