

കൊടകര : സഹൃദയയിലെ ബിസിനസ് ഇന്കുബേറ്ററുകളിലേയും വിദ്യാര്‍ത്ഥികളുടേയും പ്രോജക്ടുകള്‍ ഉല്പന്നങ്ങളാക്കി വിപണിയില്‍ ഇറക്കുന്നതിനായി സഹൃദയ എന്‍ജിനീയറിംഗ് കോളേജും ശ്രീചിത്തിരയും ധാരണാ പത്രം ഒപ്പിട്ടു. തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ബിസിനിസ് ഇന്‍കുബേറ്ററായ ടിമിഡും (TIMeD) അനുബന്ധിച്ചുള്ള ടെക്നോളജി ട്രാന്‍സ്ഫര്‍ ഓഫീസും സഹൃദയ കോളേജുമായാണ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇത് വഴി ബയോമെഡിക്കല്‍ ,ബയോടെക്നോളജി വിഭാഗങ്ങളിലെ കുട്ടികളുടെ പ്രോജക്ടുകള്‍ക്ക് പേന്റന്റ് എടുക്കുന്നതിനും പല വ്യവസായ ശൃംഖലയുമായും സഹകരിച്ച് ഉല്പന്നങ്ങളായി വിപണിയിലിറക്കാനും സഹായിക്കുന്നു.
പഠിക്കുന്നതോടൊപ്പം തന്നെ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ തുടങ്ങുന്നതിനും സഹൃദയയിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പരിശീലനങ്ങളും ക്ലാസുകളും സാങ്കേതിക സഹായങ്ങളും സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ദേശീയ തലങ്ങളില്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികളുടെ നിരവധി പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഈ പ്രൊജക്ടുകള്‍ സമൂഹ നന്മക്കായി ജനോപകാര പ്രദമായ രീതിയില്‍ ഉല്പന്നങ്ങളാക്കാന് മാറ്റാന്‍ ഒരുങ്ങുകയാണ്.