ശബരിമല വ്യാജ ചെമ്പോല നിർമിതിയിൽ പങ്കുള്ള വ്യക്തിയെ ആദരിക്കുവാനുള്ള കൂടൽമാണിക്യം ദേവസ്വത്തിന്‍റെ തീരുമാനം ഭക്തജനങ്ങളോടുള്ള വെല്ലുവിളി- പിന്മാറണമെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : ശബരിമല വ്യാജ ചെമ്പോല നിർമിതിയിൽ പങ്കുള്ള എം.ആർ.രാഘവവാരിയരെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ക്ഷണിച്ചു വരുത്തി ആദരിക്കുവാനുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്‍റെ തീരുമാനം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിൽ നിന്നും പിന്മാറണമെന്നും ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിഷയം കത്തിക്കാളി നിന്ന 2018-2019 കാലഘട്ടത്തിലാണ് ശബരിമല ആചാര സംബന്ധമെന്ന പേരിൽ ഒരു ചെമ്പോല പ്രത്യക്ഷപ്പെടുന്നത്. ഈ ചെമ്പോല ശബരിമല ആചാര സംബന്ധിയായിട്ടുള്ളതായിരുന്നു. ശബരിമലയുടെ യഥാർത്ഥ അവകാശികൾ മല അരയന്മാരാണെന്നും ഇവരിൽ നിന്ന് സവർണ ഹിന്ദുക്കൾ ശബരിമല ക്ഷേത്രം തട്ടിയെടുക്കുകയായിരുന്നു വെന്നുമായിരുന്നു ചെമ്പോലയിലെ പ്രതിപാദ്യം. ഈ ചെമ്പോല ചരിത്രരേഖയാണെന്ന് കൈയ്യൊപ്പ് ചാർത്തിയത് ഈ രാഘവവാരിയരായിരുന്നു. പിന്നിട് ഈ ചെമ്പോല വ്യാജരേഖയാണെന്ന് തെളിയുകയും ഇതിന്‍റെ നിർമിതിക്കു പിന്നിൽ വ്യാജ പുരാവസ്തു ക്കാരൻ മോൻസനും സംഘവുമാണെന്ന് കേരള സർക്കാർ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

ശബരിമല ക്ഷേത്രത്തെ കളങ്കപ്പെടുത്തുവാനും അപകീർത്തിപ്പെടുത്തുവാനും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുവാനും വ്യാജ രേഖകൾ നിർമിച്ച് അംഗീകരിച്ച ആളെ ഒരു ക്ഷേത്രത്തിൽ വിളിച്ച് വരുത്തി ആദരിക്കുന്നതിലൂടെ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ക്ഷേത്രത്തേയും കോടിക്കണക്കിന് ഭക്തജനങ്ങളേയും അവഹേളിക്കുകയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. ദേവസ്വം ചെയർമാൻ ഇതിൽ നിന്ന് പിൻമാറണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top