ഇരിങ്ങാലക്കുട : ബസ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന് മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്ന പണി ആരംഭിച്ചു.. ഇതിന്റെ ഭാഗമായി മാർച്ച് 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ ഈ ഭാഗത്ത് ടൈല്‍സ് വിരിക്കുന്നത്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ടൗൺ ഹാൾ റോഡിൽ നിന്ന് വരുന്ന ബസുകൾ നേരിട്ട് സ്റ്റാൻഡിൽ പ്രവേശിക്കും. ക്രൈസ്റ്റ് കോളേജ് കാട്ടൂർ റോഡിൽ നിന്ന് വരുന്ന വാഹനങ്ങളിൽ ബസ് ഒഴികെ പോസ്റ്റ് ഓഫീസ്- ബസ്റ്റാന്റ് റോഡിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല . ഈ വാഹനങ്ങൾ റസ്റ്റ് ഹൗസ് കൂടൽ മാണിക്യം വഴി ബസ്റ്റാന്റ് റോഡിലെത്തണം. ഈ റോഡിലെ വലിയ കുഴികള്‍ യാത്രക്കാരേയും വാഹനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല തവണ റോഡ് അറ്റകുറ്റപണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇതിനിടയില്‍ ഈ റോഡ് പി.ഡബ്ല്യൂ.ഡിയുടേതാണോ, നഗരസഭയുടേതാണോയെന്ന തര്‍ക്കംമൂലം അറ്റകുറ്റപണി വൈകിപ്പിച്ചു.
ബസ് സ്റ്റാൻഡിനു കിഴക്ക് വശത്ത് മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ മുൻസിപ്പാലിറ്റിക്കെതിരെ ചിലർ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ച കോടതി റോഡിന്റ് അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ കമ്മീഷൻ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റോഡ് നന്നാക്കാത്തതിന് കാരണം ബോധിപ്പിക്കാൻ മുൻസിപ്പാലിറ്റിയോട് അന്ന് കോടതി ഉത്തരവിട്ടിരുന്നു. അതിനു ശേഷം താത്കാലികമായി റോഡ് ടാർ ചെയ്തിരുന്നു.
എന്നാല്‍ പോസ്റ്റാഫീസ് ജംഗ്ഷന് മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡ് നഗരസഭയുടെതാണെന്നും അത് തങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ അറ്റകുറ്റപണികള്‍ നടത്താമെന്നായിരുന്നു പി.ഡബ്ല്യൂ.ഡി. നിലപാട്. ഇതിനെ തുടര്‍ന്ന് നഗരസഭ നവംബറില്‍ അറ്റകുറ്റപണികള്‍ നടത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു. ബസ്സുകള്‍ സ്റ്റാന്റിലേക്ക് വളഞ്ഞുകയറുമ്പോള്‍ മെറ്റലുകള്‍ ഇളകി റോഡ് തകരുന്നതിനാല്‍ ഈ ഭാഗത്ത് ടൈല്‍സ് ഇടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചത്