സി.പി.ഐ നേതാവും, പത്രപ്രവർത്തകനുമായ വി.ആർ കൃഷ്ണൻകുട്ടി അന്തരിച്ചു

1953 മുതൽ പത്രപ്രവർത്തനരംഗത്ത്, 85വയസ്സ് വരെ കാൽനടയായി പത്ര വിതരണം നടത്തിയ വ്യക്തിയെന്ന പ്രത്യേകതകൂടിയുള്ള കൃഷ്ണൻകുട്ടിയേട്ടൻ 1950 കളിൽ പ്രസിദ്ധീകരിച്ച നവജീവൻ പത്രം വിതരണം ചെയ്തുകൊണ്ടാണ് പത്രവിതരണം ആരംഭിച്ചത്. മുണ്ട് മടക്കിക്കുത്തി, ഷർട്ടിൻ്റെ പുറകിൽ നീളൻകുട കൊളുത്തി, പത്രമാസികകൾ കുത്തിനിറച്ച സഞ്ചിയും തൂക്കി, ഇടംവലം നോക്കാതെ നടന്നുപോകുന്നത് ഇരിങ്ങാലക്കുടക്കാരൻ്റെ പതിവുകാഴ്ചയാണ്. അവർ അദ്ദേഹത്തെ കൃഷ്ണൻകുട്ടിയേട്ടനെന്നും സഖാവെന്നും വി ആറെന്നും സ്നേഹബഹുമാനാർത്ഥം വിളിക്കും

ഇരിങ്ങാലക്കുട : സി.പി.ഐ മുതിർന്ന നേതാവും പത്രപ്രവർത്തകനുമായ പൊറത്തിശ്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു.90 വയസായിരുന്നു, കോവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ദീർഘകാലം സിപിഐ പൊറത്തിശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായും, ലോക്കൽ കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു,

1953 മുതൽ പത്രപ്രവർത്തനരംഗത്ത്, 85വയസ്സ് വരെ കാൽനടയായി പത്ര വിതരണം നടത്തിയ വ്യക്തിയെന്ന പ്രത്യേകതകൂടിയുള്ള കൃഷ്ണൻകുട്ടിയേട്ടൻ 1950 കളിൽ പ്രസിദ്ധീകരിച്ച നവജീവൻ പത്രം വിതരണം ചെയ്തുകൊണ്ടാണ് പത്രവിതരണം ആരംഭിച്ചത്, പിന്നീട് ജനയുഗത്തിന്റെയും, ജനയുഗം വാരികയുടെയും വിതരണക്കാരനായി 1985 വരെ ഇത് തുടർന്നു, നടക്കാൻ സാധികാത്തതിന്നാൽ പത്രവിതരണം നടത്താൻ കഴിയുന്നില്ലല്ലോ എന്ന വിഷമം ഈ 90റ് കാരൻ സുഹൃത്തുക്കളോട് പറയുമായിരുന്നു.

പുലർച്ചെ പൊറത്തുശേരിയിലെ തുറപറമ്പിലെ സ്വന്തം വീട്ടിൽനിന്നും കാൽനടയായി ഇരിങ്ങാലക്കുടയിൽ വന്നെത്തിയാണ് വായനക്കാരുടെ കൈകളിൽ പത്രവും, പ്രസിദ്ധീകരണങ്ങളും കൈമാറിയിരുന്നത്. തുറപറമ്പ് എന്ന പ്രദേശത്ത് നിരവധി ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ഒളിവിൽ കഴിഞ്ഞിരുന്നു. അവർക്കെല്ലാം പാർട്ടി സന്ദേശങ്ങളും, പാർട്ടി സാഹിത്യങ്ങളും കൈമാറുന്നതിന് കൗമാരക്കാരനായ ഇദ്ദേഹത്തെയാണ് പാർട്ടി നിയോഗിച്ചിരുന്നത്.

അതിലൂടെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങിയ കൃഷ്ണൻകുട്ടിയേട്ടൻ പിന്നീട് സജീവ പ്രവർത്തകനും, പാർട്ടി നേതാവും ആയി മാറുകയായിരുന്നു. പാർട്ടി ക്ലാസുകളിലും , ക്യാമ്പുകളിലും മുടങ്ങാതെ പങ്കെടുക്കുക ഈ ലാളിത്യം നിറഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരന്റെ ഒരു പ്രത്യേകതയായിരുന്നു.

പാർട്ടിപത്രത്തിനു പുറമെ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ മൊത്തം പ്രചാരകനും വിതരണക്കാരനുമായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു, ജനയുഗം പത്രം, ജനയുഗം വാരിക,ദേശാഭിമാനി, ബാലയുഗം, സിനിരമ, നോവൽ പതിപ്പുകൾ എന്നിവയുടെ ഇരിങ്ങാലക്കുടയിലെ ഏക ഏജൻ്റ് കൃഷ്ണൻ കുട്ടിയേട്ടനാണ്. നിലവിലുള്ള മറ്റെല്ലാ ആനുകാലികങ്ങളും കൃഷ്ണൻകുട്ടി ച്ചേട്ടൻ്റെ ബസ്സ്സ്റ്റാന്റ് ബിൽഡിങ്ങിലുള്ള കടയിൽ കാണും. ഇതിൻ്റെയൊക്കെ ആദ്യ വായനക്കാരനും മിക്കവാറും കൃഷ്ണൻകുട്ടിയേട്ടനാകും. വെറുതെയിരിക്കുന്ന പതിവില്ല. വിൽക്കുന്നതെന്തും വായിക്കുമെന്നത് ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു

അനാഥമായി കിടക്കുന്ന ചുമരുകൾ കണ്ടെത്തി, വൃത്തിയാക്കി വെള്ളയടിച്ച് പഴയകാല രീതിയിൽ പാർട്ടി പരിപാടികളുടെ സന്ദേശങ്ങൾ ചുമരെഴുത്ത് നടത്തുന്നതിൽ നേതൃത്വം കൊടുക്കുകയും ചെയ്യുക എന്നത് ഈ നേതാവിന്റെ പ്രത്യേകതയായിരുന്നു. പാർട്ടി സംഘടിപ്പിക്കുന്ന ജാഥകളിൽ കൃത്യമായി അണിചേരുക ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുക എന്നീ പ്രത്യേക കൃഷ്ണൻകുട്ടിയേട്ടന്റെ പ്രത്യേകതയായിരുന്നു.

മുതിര്‍ന്ന സി പി ഐ നേതാവ് വി. ആര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് , മണ്ഡലം സെക്രട്ടറി പി.മണി എന്നിവര്‍ അനുശോചിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top