ഫാ. ഡിസ്‍മാസ് റോഡിന്‍റെ വശങ്ങളിൽ കെട്ടിടാവശിഷ്ട മാലിന്യങ്ങൾ, കാൽനടയാത്ര സാഹസികം – നഗരസഭ അധികാരികളുടെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷന്‍റെ ‘നിസ്സഹായത ദിനാ’ചരണം

ഫാ. ഡിസ്‍മാസ് റോഡ് റസിഡൻസ് അസോസിയേഷൻ പ്രവർത്തന പരിധിയിൽ വരുന്ന പ്രദേശത്ത് ഉൾപ്പെടുന്ന ജനങ്ങൾ നഗരസഭാ അധികാരികളുടെ അവഗണന മൂലം അനുഭവിക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയെ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് വെള്ളിയാഴ്ച റസിഡൻസ് അസോസിയേഷൻ പരിസരത്ത് “നിസ്സഹായത ദിനം” ആചരിക്കുന്നതെന്ന് റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ 12, 36, 23 വാർഡുകളിൽ ഉൾപ്പെടുന്ന ഫാ. ഡിസ്‍മാസ് റോഡ് റസിഡൻസ് അസോസിയേഷൻ പ്രവർത്തന പരിധിയിൽപ്പെട്ട ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പൊതുപ്രശ്നങ്ങളിൽ നഗരസഭ അധികാരികൾ തുടരുന്ന തുടർച്ചയായ അവഗണന മനോഭാവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നിസ്സഹായത ദിനം ആചരിക്കുന്നു.

നിരന്തരമായി പരാതികൾ കൊടുത്തിട്ടും പ്രശ്നപരിഹാരത്തിന് കാര്യമായി ഒന്നും തന്നെ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

ഫാ. ഡിസ്‍മാസ് റോഡിന്‍റെ വശങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് സഞ്ചാര തടസ്സം പതിവാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചതിനുശേഷം കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും ബാഹുല്യം കൂടിയിട്ടുണ്ട്.

റോഡരികിൽ മാലിന്യങ്ങൾ തുടർച്ചയായി നിക്ഷേപിക്കുന്നത് മൂലം റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു എന്നതാണ് പ്രധാന പരാതി.

സമീപ വാർഡുകളിൽ നടക്കുന്ന പണികളുടെ അവശിഷ്ടങ്ങളാണ് ഇവിടെ കൊണ്ട് നഗരസഭാ കോൺട്രാക്ടർമാർ തള്ളുന്നത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷൻ നിരവധി തവണ പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. അതിനു പുറമെ ഇപ്പോഴും ഇവിവിടെ മണ്ണ് ലോറിയിൽ കൊണ്ട് തള്ളുന്നുണ്ട്.

ഇതിനു പുറമേ വാഹന പരിശോധനയ്ക്ക് വേണ്ടി ജോയിന്റ് ആർടിഒ യുടെ നേതൃത്വത്തിലുള്ള അധികാരികൾ ഫാ. ഡിസ്‍മാസ് റോഡ് ഉപയോഗിക്കാൻ തുടങ്ങിയ നാൾ മുതൽ ഈ റോഡിന്‍റെ ദുരവസ്ഥ പതിന്മടങ്ങ് വർധിച്ചു കൊണ്ടിരിക്കുന്നു. വാഹനപരിശോധനക്ക് തിരക്ക് കുറഞ്ഞ മറ്റു സമാന്തര സംവിധാനങ്ങൾ കണ്ടെത്തണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിരവധിതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും വഴിയാത്രക്കാർക്ക് ക്ലേശങ്ങൾ ദുരിതങ്ങളും സൃഷ്ടിച്ചുകൊണ്ട് വാഹനപരിശോധന പരിപാടി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ ഈ മേഖലയിലെ റോഡുകളിൽ സ്ഥിരമായി പൊട്ടുന്നതു മൂലം വെള്ളക്കെട്ടും തന്മൂലം റോഡും നാശം ആകുകയാണ്.

ഇത്തരം പ്രശ്നങ്ങൾ വർഷങ്ങളായി നഗരസഭയുടെ മുന്നിൽ അവതരിപ്പിച്ചിട്ടും മാറിമാറിവരുന്ന ഭരണകർത്താക്കൾ ആരുംതന്നെ പ്രശ്നപരിഹാരത്തിനും ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഡോ. ഇ എം തോമസ്, സെക്രട്ടറി സി എം പോൾ എന്നിവർ പറഞ്ഞു.

ഫാ. ഡിസ്‍മാസ് റോഡ് റസിഡൻസ് അസോസിയേഷൻ പ്രവർത്തന പരിധിയിൽ വരുന്ന പ്രദേശത്ത് ഉൾപ്പെടുന്ന ജനങ്ങൾ നഗരസഭാ അധികാരികളുടെ അവഗണന മൂലം അനുഭവിക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയെ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് വെള്ളിയാഴ്ച റസിഡൻസ് അസോസിയേഷൻ പരിസരത്ത് നിസ്സഹായത ദിനം ആചരിക്കുന്നതെന്ന് റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top