കൂടൽമാണിക്യം തൃപ്പുത്തരി സദ്യക്ക് ഭക്തജനപ്രവാഹം, വെള്ളിയാഴ്ച മുക്കുടി

ഇരിങ്ങാലക്കുട : തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരിക്ക് വ്യാഴാഴ്ച രാവിലെ മുതൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും.

തന്ത്രി നകരമണ്ണില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജയ്ക്ക് നേതൃത്വം നല്‍കും. സാധാരണ പൂജയുടെ നിവേദ്യത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ട് ജപിച്ചാണ് പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയിലും, തെക്കേ ഊട്ടുപുരയിലും ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ ആരംഭിച്ചു.

വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യ വസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്നു.

തൃപ്പുത്തരിയോടാനുബന്ധിച്ച് ക്ഷേത്രത്തിന്‍റെ കിഴക്കേ നടപ്പുരയിൽ ഉണ്ണായി വാരിയർ കലാനിലയം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറുന്നതാണ്. പുത്തിരിക്കളിക്കായി ഇരിങ്ങാലക്കുടയിൽ എത്തുകയും പിന്നീട് ഉണ്ണായി വാരിയർ കലാനിലയത്തിന്‍റെ പ്രിൻസിപ്പലായി സേവനം അനുഷ്‌ഠിക്കുകയും അഞ്ച് പതിറ്റാണ്ടോളം കൂടൽമാണിക്യം ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചിട്ടുള്ളതുമായ പ്രശസ്ത കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടി ആശാൻ വേഷം ഇടുന്നു. തദവസരത്തിൽ അദ്ദേഹത്തിന്‍റെ “അശീതി” ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ആദരിക്കുന്നതായിരിക്കും.

നവംബർ 12 ന് മുക്കുടി നിവേദ്യത്തിനുള്ള മരുന്ന് തയ്യാറാക്കുന്നത് കുട്ടഞ്ചേരി അനൂപ് മൂസിന്‍റെ ​നേതൃത്വത്തിലായിരിക്കും.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top