കുറുവ വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികൾക്ക് തുടർപഠനത്തിന് സാഹചര്യമൊരുക്കുക- എ.ബി.വി.പി ഏകദിന ധർണ്ണ സംഘടിപ്പിച്ചു

പടിയൂര്‍ : പടിയൂർ ഗ്രാമ പഞ്ചായത്തില്‍ കാക്കാത്തുരുത്തിയില്‍ താമസിക്കുന്ന കുറുവ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി. ഏകദിന ധര്‍ണ്ണ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തുമുതല്‍ അഞ്ചുവരെ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സംഘടിപ്പിക്കുന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി എം.എം. ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു.

ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകള്‍ എല്ലാം ഇവരുടെ കൈയ്യില്‍ ഉണ്ടെങ്കിലും ജാതി തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതിനാല്‍ പ്ലസ്ടു പഠനവും ഉപരിപഠനവുമെല്ലാം വഴിമുട്ടിയിരിക്കുകയാണ്.

സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിദ്യാലയങ്ങളില്‍ നിന്നും കിട്ടേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ജാതി തെളിയിക്കുന്നതിനായി ഇവരുടെ പൂര്‍വികര്‍ താമസിക്കുന്ന കോഴിക്കോട് പോയി തഹസില്‍ദാരെ കണ്ട് അപേക്ഷ നല്‍കി മൂന്നു കൊല്ലം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ.യും മന്ത്രിയുമായ ആര്‍. ബിന്ദുവിന് നിവേദനം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ രണ്ടയാഴ്ചയോളമായിട്ടും സര്‍ക്കാര്‍ യാതൊരുവിധ നടപടികളും സ്വികരിക്കാത്തതിനാലാണ് ഏകദിന ധര്‍ണ്ണ സംഘടിപ്പിച്ചതെന്ന് എ.ബി.വി.പി അംഗങ്ങൾ അറിയിച്ചു. വിദ്യാര്‍ഥിയും പരാതിക്കാരുമായ സുധി കെ.എസ് , അനു.എം, അരുൺ മുരുകൻ എന്നിവരും എ.ബി.വി.പി. സംസ്ഥാനസമിതിയംഗം അക്ഷയ് എസ്., നഗര്‍ സെക്രട്ടറി യദുകൃഷ്ണന്‍ എന്നിവര്‍ ധർണ്ണക്ക് നേതൃത്വം നല്‍കി.

Leave a comment

Top