പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്നു : മാർച്ച് 1 മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 1 വ്യാഴാഴ്ച മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി നഗരസഭ അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ ഈ ഭാഗത്ത് ടൈല്‍സ് വിരിക്കുന്നത്. ഈ റോഡിലെ വലിയ കുഴികള്‍ യാത്രക്കാരേയും വാഹനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല തവണ റോഡ് അറ്റകുറ്റപണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇതിനിടയില്‍ ഈ റോഡ് പി.ഡബ്ല്യൂ.ഡിയുടേതാണോ, നഗരസഭയുടേതാണോയെന്ന തര്‍ക്കംമൂലം അറ്റകുറ്റപണി വൈകിപ്പിച്ചു.

ബസ് സ്റ്റാൻഡിനു കിഴക്ക് വശത്ത് മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ മുൻസിപ്പാലിറ്റിക്കെതിരെ ചിലർ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ച കോടതി റോഡിന്റെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ കമ്മീഷൻ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റോഡ് നന്നാക്കാത്തതിന് കാരണം ബോധിപ്പിക്കാൻ മുൻസിപ്പാലിറ്റിയോട് അന്ന് കോടതി ഉത്തരവിട്ടിരുന്നു. അതിനു ശേഷം താത്കാലികമായി റോഡ് ടാർ ചെയ്‌തിരുന്നു.

എന്നാല്‍ പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡ് നഗരസഭയുടെതാണെന്നും അത് തങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ അറ്റകുറ്റപണികള്‍ നടത്താമെന്നായിരുന്നു പി.ഡബ്ല്യൂ.ഡി. നിലപാട്. ഇതിനെ തുടര്‍ന്ന് നഗരസഭ നവംബറില്‍ അറ്റകുറ്റപണികള്‍ നടത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു. ബസ്സുകള്‍ സ്റ്റാന്റിലേക്ക് വളഞ്ഞുകയറുമ്പോള്‍ മെറ്റലുകള്‍ ഇളകി റോഡ് തകരുന്നതിനാല്‍ ഈ ഭാഗത്ത് ടൈല്‍സ് ഇടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്.

അതേസമയം മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ ഗതാഗത പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും വൈകും. പരിഷ്‌ക്കരണ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി ആര്‍.ടി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിലും ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്. അടുത്തവാരത്തോടെ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയൊള്ളൂ. അതിനിടയിലാണ് ഈ റോഡ് 14 ദിവസം അടച്ചിടുന്നത്.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top