ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു

ഒരു കോടി രൂപ ഉപയോഗിച്ച് പണിയുന്ന അയ്യായിരം സ്ക്വയർ ഫീറ്റ് കെട്ടിടത്തിന്‍റെ പണികൾ ഉടൻ ആരംഭിക്കും, ഒക്‌ടോബർ 31ന് തറക്കല്ലിടാൻ ധാരണ. കിഫ്‌ബി ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന്‍റെ സാധ്യതയും പഠിക്കും

ആനന്ദപുരം : മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ ഓഫീസർ ഡോ. അജയ്, കെ എം സി എൽ എ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം സന്ദർശനം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മന്ത്രി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ വിലയിരുത്തി. അതിനുശേഷം നടന്ന അവലോകന യോഗത്തിൽ വച്ച് 2021 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച ആരോഗ്യവകുപ്പിന്‍റെ ഒരുകോടി രൂപ ഉപയോഗിച്ച് പണിയുന്ന അയ്യായിരം സ്ക്വയർ ഫീറ്റ് കെട്ടിടത്തിന്‍റെ പണി ഉടനെ ആരംഭിക്കുന്നതിനു തീരുമാനിച്ചു.

ഈ മാസം 31ന് തറക്കല്ലിടാൻ യോഗത്തിൽ വച്ച് ധാരണയായി. ജീവനക്കാർ താമസിക്കുന്ന ക്വാട്ടേഴ്സ് കാലഹരണപ്പെട്ടതാണെന്നും താമസ യോഗ്യമല്ലെന്നും വിലയിരുത്തി. അവിടെ മൾട്ടി ലെയർ സംവിധാനത്തിൽ ക്വാട്ടേഴ്സ് പണിയുന്നതിന്‍റെ സാധ്യതകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കിഫ്‌ബി ഫണ്ടും എം എൽ എ ഫണ്ടും ഉപയോഗിച്ച് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന്‍റെ സാധ്യതയും പഠിച്ച് ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുണ്ടായി.

യോഗത്തിൽ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർക്ക് പുറമേ ആശുപത്രി സൂപ്രണ്ട് ഡോ. ആർ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, വാർഡംഗം നിജി വത്സൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ വിനോദൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സനൽ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top