
ഇരിങ്ങാലക്കുട : മുഖ്യമന്ത്രി പിണറായി വിജയനും മോൺസൺ മാവുങ്കലും തമ്മിൽ കേരളത്തിലെ മികച്ച തട്ടിപ്പുകാരാനുള്ള മത്സരത്തിലാണെന്ന് യൂത്ത് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പണം എവിടെ പോയി എന്ന് അന്വേഷിച്ചാൽ അത് ക്ലിഫ് ഹൗസിൽ ചെന്നെത്തുമെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കെ. പി. സി. സി. നിർവാഹക സമിതി അംഗം എം. പി. ജാക്സൺ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. വി ചാർളി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ഷെറിൻ തേർമഠം സ്വാഗതവും റൈഹാൻ ഷഹീർ നന്ദിയും പറഞ്ഞു.