പഞ്ചാരി പ്രമാണി – ജന്മശതാബ്ദി ആഘോഷിക്കുന്ന യശശ്ശരീനായ തൃപ്പേക്കുളം അച്യുതമാരാരെക്കുറിച്ചുള്ള ഒരു അനുസ്മരണം – തയ്യാറാക്കിയത് കെ വി മുരളി മോഹൻ

( ഒക്‌ടോബർ നാലിന് ജന്മശതാബ്ദി ആഘോഷിക്കുന്ന യശശ്ശരീനായ തൃപ്പേക്കുളം അച്യുതമാരാരെക്കുറിച്ചുള്ള ഒരു അനുസ്മരണം )

1981ലാണ് രാവിലെ എട്ടു മണിയായിക്കാണും ഓടിക്കിതച്ചു തൃപ്പേക്കുളം അച്യുതമാരാർ വീട്ടിലേക്കുവരുന്നു “മോഹനാ, കലാകാരന്മാർക്കു ഫെല്ലോഷിപ്പ്കിട്ടുമത്രേ; നമുക്കൊന്ന്ശ്രമിച്ചാലോ” എനിക്കൊട്ടും ആലോചിക്കാനുണ്ടായിരുന്നില്ല. ഗസറ്റിൽനിന്നും വിവരങ്ങൾശേഖരിച്ചു ( അന്ന് ഓൺ ലൈൻ സൗകര്യം ഉണ്ടായിരുന്നില്ലല്ലോ ) വേണുജി, സി മോഹൻദാസ് എന്നിവരോട് വിദഗ്ദ്ധ അഭിപ്രായം തേടി അപേക്ഷ തയ്യാറാക്കി. പക്ഷെ ഒരുകാര്യം കൂടി വേണമായിരുന്നു ഒരുപത്ര റിപ്പോർട്ട്. മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഞാൻ എഴുതിയലേഖനം തന്നെഉപയോഗിച്ചു. ഒരുപക്ഷെ ഒരു മേളകലാകാരന്‍റെ ആദ്യത്തെ അപേക്ഷയായിരുന്നിരിക്കണം അത്.

പിന്നീട് 1994 ലാണ് അദ്ദേഹത്തിന് കേരള സംഗീതനാടക അക്കാഡമി അവാർഡ് കിട്ടുന്നത്. 2011ൽ കേന്ദ്ര സംഗീതനാടക അക്കാഡമി അവാർഡും. തീർന്നില്ല പതിനഞ്ചിലേറെ പുരസ്കാരങ്ങളും, അത്ര തന്നെ വീരശൃംഖലകളും; ഒരു പക്ഷെ കലാ ജീവിതത്തിൽ ഇത്ര അംഗീകാരങ്ങളും അരങ്ങുകളും ലഭിച്ച മേള കലാകാരന്മാർ ചുരുക്കമായിരിക്കും.

1981ലാണ് അദ്ദേഹത്തിന്ടെ ഷഷ്ടിപൂർത്തി. അത് ഒരുവ്യത്യസ്തമായ ആഘോഷം ആക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. കലാനിലയത്തിലാണ് സ്വീകരണ യോഗം നടന്നത്. പി സ് വാരിയർ (മേളപണ്ഡിതൻ) ആയിരുന്നു മുഖ്യാതിഥി. കലാമണ്ഡലം കേശവൻ, പുത്തൂർ അച്യുത മേനോൻ, ചെങ്ങമനാട് ദാമോദരൻ നമ്പ്യാർ എന്നിവരും ഞാനും പ്രാസംഗികരായിരുന്നു. മട്ടന്നൂരിന്‍റെ തായമ്പക ആയിരുന്നു കലാപരിപാടിയിൽ മുഖ്യഇനം. മേളകലാകാരന്‍റെ പിറന്നാൾ വിപുലമായി ആഘോഷിച്ചത് അത് ആദ്യമായിട്ടായിരിക്കണം.

പഞ്ചാരി പ്രമാണി ആയിട്ടാണ് പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൂടൽമാണിക്കം ഉത്സവം, ഊരകത്തിന്‍റെ പൂരം (പെരുവനം നടവഴിയിൽ) തൃപ്പൂണിത്തുറ ഉത്സവം, എടക്കുന്നി ഉത്രം വിളക്ക് എന്നിങ്ങനെ പഞ്ചാരിക്കു പേരുകേട്ട മേളങ്ങൾക്കൊക്കെ അദ്ദേഹം പ്രമാണിത്വം വഹിച്ചിട്ടുണ്ട്. പതികാലത്തിനു ഊന്നൽ കൊടുത്തുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്ന്ടെ ശൈലി. ഇന്ന് പലപ്പോഴും ആസ്വാദകരുടെ ആവശ്യം മാനിച്ചു അഞ്ചാം കാലത്തിന്‍റെ കൊട്ടിക്കലാശത്തിനാണ് പ്രാധാന്യം കൊടുത്തു കാണുന്നത്.

1990 ലാ ണെന്നാണോർമ തൃശ്ശിവപേരൂർ പൂരത്തിൻടെ തിരുവമ്പാടി വിഭാഗത്തിന്‍റെ പാണ്ടി മേളപ്രമാണിയായി അദ്ദേഹം ചുമതല എല്ക്കുന്നത്. ഏറെ ആഹ്ളാദഭരിതനായിരുന്നു അദ്ദേഹം. മേളത്തിന്ടെ കച്ചീട്ട് വച്ച് മടങ്ങുമ്പോൾ തന്നെ വിവരം അറിയിച്ചു. തിരുവമ്പാടി ഭാഗത്തു തൃപ്പേക്കുളവും പാറമേക്കാവ്ഭാഗത്തു അടുത്തറിയുന്ന ചക്കംകുളം അപ്പുമാരാരും. ഏതു മേളത്തിനാണ് പോകേണ്ടത് എന്ന ചിന്താ കുഴപ്പത്തിലായി ഞാൻ ആ വര്ഷം.

ബഹുമുഖകഴിവുകളുള്ള ഒരു കലാകാരനായിരുന്നു ശ്രീ തൃപ്പേക്കുളം അച്യുതമാരാർ. ചെണ്ട, തിമില, ഇടക്ക, തവിൽ, മരപ്പാണി എന്നിങ്ങനെ അദ്ദേഹം കൈകാര്യം ചെയ്യാത്ത ഘനവാദ്യങ്ങൾ ഇല്ല തന്നെ. അന്നമനട അച്യുതമാരാരുടെ പഞ്ചവാദ്യ കൂട്ടായ്മയിൽ അദ്ദേഹത്തിന് തിമിലയിൽ ഒരു പ്രമുഖസ്ഥാനം ഉണ്ടായിരുന്നു.

ക്ഷേത്രങ്ങളിലെ ആചാരപരമായ ചടങ്ങുകൾ അറിയാവുന്ന അടിയന്തിരക്കാരിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു. ഏറെ പ്രശസ്തി ഉണ്ടായിരുന്നിട്ടും പറ,പാണി, വിളക്കാചാരം,കുഴല്പറ്റിലെ ചെണ്ട,എടക്കാപ്രദക്ഷിണംമുതലായവയിൽ അദ്ദേഹം പങ്കെടുക്കുമായിരുന്നു.

2014 മാർച്ച് 15 ന് അദ്ദേഹം അന്തരിച്ചു. യശശ്ശരീനായ തൃപ്പേക്കുളം അച്ചുതമാരാരുടെ ജന്മശതാബ്ദി സമുചിതമായി ആഘോഷിക്കുവാനുള്ള തീരുമാനം ശ്ലാഘനീയം തന്നെ. എല്ലാ വിധ ആശംസകളും.

തയ്യാറാക്കിയത് കെ വി മുരളി മോഹൻ

1981ൽ ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ ശ്രീ തൃപ്പേക്കുളം അച്യുതമാരാരുടെ ഷഷ്ഠിപൂർത്തി ആഘോഷവേളയിൽ ലേഖകൻ സംസാരിക്കുന്നു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top