മതേതര മനസിനെ മുറിവേൽപ്പിക്കുന്ന പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് കേരളത്തിലെ മതേതരത്വത്തിന് ഭീഷണി – എ.ഐ.വൈ.എഫ്

മതേതര മനസിനെ മുറിവേൽപ്പിക്കുന്ന പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് കേരളത്തിലെ മതേതരത്വത്തിന് ഭീഷണിയെന്ന് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ

ഇരിങ്ങാലക്കുട : കേരളത്തിന്‍റെ മതേതര മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് മതേതര ദർശനങ്ങളെ എല്ലാകാലത്തും മുറുകെ പിടിച്ചിട്ടുള്ള കേരളത്തിന്‍റെ ഐക്യത്തിനും മതേതരത്വത്തിനും ഭീഷണിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ. എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്തംബർ 25, 26 എന്നീ ദിവസങ്ങളിൽ ഫാദർ സ്റ്റാൻ സ്വാമി നഗറിൽ (സി അച്യുതമേനോൻ സ്മാരക മന്ദിരം) നടക്കുന്ന എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിൽ ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടക്കുന്ന ഓൺലൈൻ പൊതുസമ്മേളനം എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപ് ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, സിപിഐ മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനോയ് ഷബീർ എന്നിവർ സംസാരിച്ചു.

ഇന്ത്യയിലെ ആദ്യത്തെ സംഘടിത യുവജന പ്രസ്ഥാനമായ എഐവൈഎഫ് സമരോജ്ജ്വലങ്ങളായ ആറ് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. രൂപീകരിച്ച കാലം മുതൽക്കു തന്നെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തു സുക്ഷിക്കുന്നതിനും, ഭരണഘടന സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളായി എഐവൈഎഫ് നിലകൊള്ളുന്നു. വർത്തമാന കാലത്ത് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ നടപ്പിലാക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടുതൽ വീറോടെ എഐവൈഎഫ് ഏറ്റെടുത്തിരിക്കുന്നു. മഹാപ്രളയത്തിലും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളിലും എഐവൈഎഫ് സജീവമായി ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധി കാലഘട്ടത്തിലും രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ വലിയ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടതായുണ്ടെന്നും എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.

ഭാരവാഹികളായി പി.എസ് കൃഷ്ണകുമാർ പ്രസിഡന്റ്, ടി.വി വിബിൻ സെക്രട്ടറി, ജോയിന്റ് സെക്രെട്ടറിമാരായി ശ്യാംകുമാർ പി.എസ്, പി.ആർ അരുൺ, വൈസ് പ്രസിഡന്റുമാരായി വിഷ്ണു ശങ്കർ, ശീർഷ സുധീരൻ എന്നിവരെ തെരഞ്ഞെടുത്തു.

Leave a comment

Top