ലൈഫ് – പി.എം.എ.വൈ (അർബൻ) ഭവനപദ്ധതിയിൽ ഇരിങ്ങാലക്കുട നഗരസഭയിൽ പൂർത്തീകരിച്ച വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : ലൈഫ്-പി.എം.എ.വൈ (അർബൻ) ഭവനപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച100 ദിനകർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തലത്തിൽ പൂർത്തീകരിച്ച 12,067 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിന്‍റെ ഇരിങ്ങാലക്കുട നഗരസഭാതല ഉദ്‌ഘാടനം ഇരിങ്ങാലക്കുട വാർഡ് 2 ലെ വസുമതി പന്തളത്തിന്റെ ഗൃഹപ്രവേശനം നടത്തി നിർവഹിച്ചു.

ശനിയാഴ്ച നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂരഹിത-ഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

അതിനുപുറമെ 17 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി കൂടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2,62,131 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. ഇതിനായി 8993 കോടി രൂപ ചെലവഴിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ സമന്വയിപ്പിച്ചാണ് ഇത് നടപ്പാക്കിയത്.

നഗരസഭയിലെ ഗൃഹപ്രവേശനം നഗരസഭ ചെയർപേഴ്സൺ സോണിയഗിരി നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ്കുമാർ, ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ, സി.ഡി.എസ്. ചെയർപേഴ്സന്മാരായ ഷൈലജ ബാലൻ, പുഷ്പാവതി, മെമ്പർ സെക്രട്ടറി രാമാദേവി, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

നാളിതുവരെയായി ഇരിങ്ങാലക്കുട നഗരസഭയിൽ ലൈഫ്-പി.എം.എ.വൈ (അർബൻ) ഭവനപദ്ധതിയിൽ അംഗീകാരം ലഭിച്ച ഗുണഭോക്തകളിൽ 93% ഭവനങ്ങളും പൂർത്തീകരിച്ചു. സി.എൽ.എസ്.എസ് സബ്‌സിഡി പദ്ധതിയിലൂടെ വിവിധ ബാങ്കുകൾ വഴി ൨൫൦ ലധികം ഭവനങ്ങളും ഇരിങ്ങാലക്കുട നഗരസഭയിൽ നൽകിയിട്ടുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top