കൂടൽമാണിക്യം ക്ഷേത്രംവക സ്ഥലത്ത് ശബരിമല ഇടത്താവളം : ബി പി സി എൽ ഉന്നതസംഘം സ്ഥലം സന്ദർശിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും വരുന്ന ശബരിമല തീർത്ഥാടകർക്ക് വിശ്രമം, പ്രാഥമികാവശ്യ നിർവ്വഹണം, കഫറ്റേറിയ, പാർക്കിംഗ് സൗകര്യം, പെട്രോൾ പമ്പ്, തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിക്കാൻ പൊതുമേഖല സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ശബരിമല ഇടത്താവള സമുച്ചയം കൂടൽമാണിക്യം ക്ഷേത്രംവക സ്ഥലത്ത് വരുന്നു. കുട്ടൻകുളത്തിനു പേഷ്‌ക്കർ റോഡിനും സമീപത്തെ മണി മാളിക കെട്ടിടവും സമീപ സ്ഥലവുമാണ് ഇതിനായി ഉപയോഗിക്കുക. പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(BPCL) ആണ് ഇടത്താവളം നിർമ്മിച്ച് നൽകുന്നത്. ഇതിനായി ബി പി സി എൽന്‍റെ ഉന്നത സംഘം വെള്ളിയാഴ്ച്ച കൂടൽമാണിക്യം സന്ദർശിച്ചു.

കുട്ടൻകുളത്തിനു പേഷ്‌ക്കർ റോഡിനും സമീപത്തെ മണി മാളിക കെട്ടിടവും സമീപ സ്ഥലവുമാണ് ശബരിമല ഇടത്താവളത്തിനായി ഉപയോഗിക്കുക

ബി പി സി എൽന്‍റെ പെട്രോൾ പമ്പിന് സമീപത്ത് ഇരുനൂറിലധികം ശബരിമല തീർത്ഥാടകർക്ക് വിരി വിരിച്ചു വിശ്രമ സൗകര്യമൊരുക്കുന്ന കെട്ടിടവും ആന്ധ്ര, കർണ്ണാടക, തമിഴ്നാട്, കേരള ശൈലിയിലുള്ള ഭക്ഷണങ്ങൾ ലഭിക്കുന്ന കഫറ്റേറിയായും ഉൾപ്പെടുന്ന ഇടത്താവള കെട്ടിടമാണ് കൂടൽമാണിക്യം ദേവസ്വത്തിന് വേണ്ടി നിർമ്മിച്ച് നൽകുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വത്തിന് തന്നെയായിരിക്കും. പെട്രോൾ പമ്പ് നടത്തുവാനുള്ള അവകാശം നിശ്ചിതകാലത്തേക്ക് ബി പി സി എൽന് ആയിരിക്കും. ശബരിമല സീസൺ കഴിഞ്ഞാൽ കെട്ടിടവും അനുബന്ധസൗകര്യങ്ങളും മറ്റാവശ്യങ്ങൾക്ക് ദേവസ്വത്തിന് ഉപയോഗിക്കുകയും ചെയ്യാം. ഇടത്താവളത്തിന്‍റെ എല്ലാ കാര്യങ്ങളും പൂർത്തിയായി കഴിഞ്ഞതായും സംസ്ഥാന സർക്കാരിന്‍റെ ഓർഡർ ഈ ആഴ്ച്ച തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.

ഉത്സവം കഴിഞ്ഞ് മെയ് മാസത്തോടെ പണി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും 18 മാസം കൊണ്ട് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം പത്ത് കോടി രൂപയുടെ വികസനപ്രവർത്തണമെന്ന് ഇവിടെ വരുന്നത്. ഇതോടെ ശബരിമല തീർത്ഥാടന ഭൂപടത്തിൽ കൂടൽ മാണിക്യത്തിന് ഒരു നിർണ്ണായക സ്ഥാനം ലഭിക്കും. കേരളത്തിൽ ഇരുപത്തിടത്ത് ഇത്തരം ഇടത്താവളങ്ങൾ വരുന്നുണ്ട്. ദേവസ്വം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി. ഷൈൻ, കെ.കെ. പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ.എം, എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top