കലാനിലയം രാഘവനാശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിദ്ധ്യം – പട്ടിക്കാംതൊടി പുരസ്കാര ജേതാവും തന്‍റെ ഗുരുനാഥനുമായ കലാനിലയം രാഘവനാശാനെ അഭിനന്ദിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു എത്തി

ഇരിങ്ങാലക്കുട : കഥകളിയിൽ തന്‍റെ ഗുരുനാഥനും ഈ വർഷത്തെ പട്ടിക്കാംതൊടി പുരസ്കാര ജേതാവുമായ കലാനിലയം രാഘവനാശാനെ അഭിനന്ദിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. രാഘവനാശാന് പുരസ്കാരം ലഭിച്ചതിൽ ശിഷ്യ എന്നനിലക്ക് ഏറെ അഭിമാനവും ആഹ്ളാദവുമുണ്ട്, ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയുടെ മാറ്റു കൂട്ടിക്കൊണ്ട് ഒട്ടേറെ ശിഷ്യരെ കഥകളിയിലേക്ക് പ്രചോദിപ്പിച്ചാനയിച്ച ആശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിദ്ധ്യമാണെന്നും മന്ത്രി പറഞ്ഞു.

നളചരിതത്തിലെ ഹംസം, കാട്ടാളൻ, ലവണാസുരവധത്തിലെ ഹനുമാൻ, കുചേലവൃത്തത്തിലെ കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ തുടങ്ങിയ കഥാപാത്രങ്ങൾ അനുപമമായ ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുമ്പോൾ, ആ കഥാപാത്രങ്ങൾ ജീവൻ വെച്ചു വരുന്നതു പോലെയാണ് തോന്നുക.

അദ്ദേഹത്തിന് ദീർഘകാലത്തെ ആത്മബന്ധമുണ്ടായിരുന്ന ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിലെ അദ്ധ്യാപകൻ എന്ന നിലയിൽ അവിടെയുള്ള വിദ്യാർത്‌ഥികളോടൊപ്പം പുറത്തും നിരവധി തലമുറകളിൽപ്പെട്ട കുട്ടികളെ കഥകളി അഭ്യസിപ്പിച്ച ആശാൻ, എന്റേയും പ്രിയപ്പെട്ട ഗുരുനാഥനാണ് എന്നതിൽ അതീവമായ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ മക്കളായ കെ ആർ ജയശ്രീ, കെ ആർ ജയന്തി, ഡോ കെ ആർ രാജീവ് എന്നിവരും യുവജനോത്സവവേദികളിലെ കലാപ്രതിഭകളും ഇപ്പോഴും സജീവമായി കളിയരങ്ങിൽ ശോഭിക്കുന്നവരുമാണ്.

ജീവിതഗന്ധിയായ തനതുശൈലിയിൽ, നൈസർഗ്ഗികമായ അഭിനയശേഷിയോടെ കഥകളിയരങ്ങിന്റെ ചൈതന്യമായി ഒരു ജീവിതകാലം മുഴുവൻ കലക്കു വേണ്ടി സമർപ്പിതചേതസ്സായി പ്രവർത്തിച്ച തന്റെ ഗുരുനാഥന്റെ പുരസ്കാരലബ്ധിയിൽ സന്തോഷം പങ്കുവെക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

പഠനകാലത്ത് ബിന്ദു തന്‍റെ പ്രിയപ്പെട്ട ശിഷ്യയാരുന്നുന്നെന്നും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ നന്നായി മനസിലാക്കി പഠിക്കാറുണ്ടെന്നും രാഘവനാശാൻ പറഞ്ഞു. തന്‍റെ കുടുംബത്തിലെ ഒരംഗം എന്നനിലയിൽ തന്നെയായിരുന്നു ബിന്ദു. പുരസ്കാരലബ്ധിയിൽ തന്നെ കാണാൻ എത്തിയതിൽ സന്തോഷമുണ്ടെന്നുനും ആശാൻ പറഞ്ഞു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top