

ഇരിങ്ങാലക്കുട : ദേശീയ ആസ്തിവില്പന, ഭീകരവാദത്തേക്കാൾ അപകടകരമാണെന്ന് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന രാജ്യത്തെ പൊതുമേഖലാ, ആസ്തി വില്ലനക്കെതിരെ സംസ്ഥാന വ്യാപകമായി എ.ഐ.ടി.യു.സി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റൊഫീസിന് മുൻപിൽ നടന്ന സമരം ഉത്ഘാടനം ചെയ്ത് എ.ഐ.ടി.യു.സി. തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപനം മൂലം ലോകരാജ്യങ്ങളിലെന്നപോലെ തന്നെ ഇന്ത്യാ രാജ്യത്തും തൊഴിൽ മേഖലയും വാണിജ്യ വ്യവസായ സാമ്പത്തിക മേഖലകളും തകർന്നടിയുമ്പോൾ ഈ മറവിൽ രാജ്യത്തെ പൊതുമേഖലകൾ ഓരോന്നായി കോർപ്പറേറ്റുകൾക്ക് കേന്ദ്രസർക്കാർ വിറ്റുകൊണ്ടിരിക്കുന്നു, ദേശീയ വരുമാന സ്രോതസ്സായ ബി.പി.സി.യുടെ 53.84% ഓഹരികളും വിറ്റു,ഇന്ത്യൻ റെയിൽവെയുടെ പല ഭാഗങ്ങളും, വിമാനത്താവളങ്ങൾ, ഷിപ്പിംങ്ങ് കോർപ്പറേഷൻ, പ്രതിരോധ മേഖല, ഐ.ടി.മേഖല, ബി എസ് എൻ എൽ, കാർഷിക മേഖല തുടങ്ങി നിരവധി പൊതു മേഖലകളെല്ലാം വിറ്റഴിക്കുന്നു. ഇതിനെതിരെ രാജ്യത്തെ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്നുള്ള സമര ആഹ്വാനമാണ് ഈ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ കെ ശിവൻ , മോഹനൻ വലിയാട്ടിൽ, പി കെ.ഭാസി, ടി.വി വിബിൻ, കെ ദാസൻ, സുനിൽ ബാബു, വർദ്ധനൻ പുളിക്കൽ, ബാബു ചിങ്ങാരത്ത്, ജോജി വി.ജെ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
കാട്ടുർ പോസ്റ്റാഫീസിൻ്റെ മുന്നിൽ നടന്ന തൊഴിലാളി പ്രതിഷേധ സമരം സി.പി.ഐ കാട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജെ ബേബി ഉദ്ഘാടനം ചെയ്തു. എം കെ കോരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി സി സന്ദീപ് നജി, റസീൽ , വി എ ബഷീർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.