നഗരസഭാ ചെയർപേഴ്സണും 15 യു.ഡി.എഫ് കൗൺസിലർമാരും ഊട്ടിയിലേക്ക് ഉല്ലാസയാത്രപോയത് കരാറുകാരുടെ ചിലവിലാണെന്നു ആരോപിച്ചു ബി ജെ പി. ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ചെയർപേഴ്സന്‍റെ മുറിയിൽ ഉപരോധസമരം

ഇരിങ്ങാലക്കുട : നഗരസഭയിൽ കോവിഡ് വ്യാപനം ആശങ്കയുയർത്തുന്ന നിലയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹച്യര്യത്തിൽ ഭരണകക്ഷിയായ 15 യു.ഡി.എഫ് കൗൺസിലർമാരും നഗരസഭാ ചെയർപേഴ്സണും ഊട്ടിയിലേക്ക് ഉല്ലാസയാത്രപോയത് കരാറുകാരുടെ അഴിമതി പണത്തിന്‍റെ ചിലവിലാണെന്നു ആരോപിച്ചു ബി ജെ പി.

യാത്രക്ക് ശേഷം ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ചെയർപേഴ്സന്‍റെ മുറിയിൽ ബിജെപി കൗൺസിലർമാർ ഉപരോധസമരം നടത്തി. വ്യാഴാഴ്ച ഉച്ചക്ക് തുടങ്ങിയ ഉപരോധം രാത്രി 7 മണിവരെ നീണ്ടു. പോലീസെത്തി ഇവരെ നീക്കം ചെയ്തു.

കൗൺസിലർമാർക്കൊപ്പം വിനോദ യാത്രക്കാണ് തന്നെയാണ് പോയതെന്നും രണ്ടു വാക്‌സിനേഷൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്രകൾ പോകാമെന്നും, യാത്രക്ക് ശേഷം ക്വാറന്റൈൻ നിർബന്ധമല്ലെന്നും നഗരസഭാ ചെയർ പേഴ്സൺ സോണിയഗിരി പറഞ്ഞു. ചെയർപേഴ്സന്റെ മുറിയിൽ ബിജെപി കൗൺസിലർമാർ ഉപരോധസമരം നടത്തവേ തന്നെ കാണുവാൻ എത്തുന്നവരോട് കോവിഡ് രോഗിയാണെന്നും പറഞ്ഞു അപമാനിച്ചെന്നു നഗരസഭാ ചെയർ പേഴ്സൺ ആരോപിക്കുന്നു.

രണ്ടു വാക്‌സിനേഷൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കുന്നത് മരണം, വിവാഹം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അവശ്യകാര്യങ്ങൾക്കാണെന്നും, 24 മണിക്കൂറിലധികം അവിടെ ചിലവിട്ടാൽ ക്വാറന്റൈൻ നിർബന്ധ മാണെന്നും നിലവിലെ നിയമം അനുശാസിക്കുന്നുണ്ടെന്നും ബി ജെ പി പാർലിമെണ്ടറി ലീഡർ സന്തോഷ് ബോബൻ പറഞ്ഞു.

കഴിഞ്ഞ ആറുമാസമായി കോവിഡ് വ്യാപനത്തിനെയും മറ്റും പേര് പറഞ്ഞു ഓൺലൈനിൽ കൗൺസിൽ യോഗം നടത്തുന്നവരാണ് അനാവശ്യമായ ഈ വിനോദയാത്ര നടത്തിയതെന്നും ബി ജെ പി ആരോപിക്കുന്നു. ഇരിങ്ങാലക്കുട പോലീസിനും , നഗരസഭയുടെ സെക്രട്ടറിക്കും ഇതുസംബന്ധിച്ചു പരാതികൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ബി.ജെ.പി ന്യൂനപക്ഷമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് ക്വാറന്റൈൻ ലംഘിച്ച നഗരസഭാ ചെയര്പേഴ്സണും യു ഡി എഫ് കൗൺസിലർമാർക്കുമെതിരേ പകർച്ചവ്യാധി നിയമലംഘനമടക്കം ചുമത്തി കേസ് എടുക്കണമെന്ന് ജില്ലാ കളക്റ്റർക്കും പരാതി നൽകിയിട്ടുണ്ട്.

Leave a comment

Top