ആരോഗ്യ പ്രവര്‍കര്‍ക്ക് ആശ്വാസമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ രൂപകൽപന ചെയ്ത ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പി.പി.ഇ. കിറ്റ്

കൊടകര : കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വലിയ വെല്ലുവിളികളില്‍ ഒന്നാണ് പി.പി.ഇ കിറ്റുകള്‍ ധരിച്ച് മണിക്കൂറുകള്‍ നില്ക്കുക എന്നത്. അണുബാധയില്‍ നിന്നും രക്ഷ നേടാനായി ആരോഗ്യ പ്രവര്‍ത്തകര്‍ ധരിക്കുന്ന പി.പി.ഇ. കിറ്റുകളുടെ കാര്യക്ഷമത വളരെ കുറവാണ്. ശുദ്ധ വായുവിന്റെ ലഭ്യത കുറയുന്നതും ചൂടും ആശയവിനിമയത്തില്‍ നേരിടുന്ന തടസവുമെല്ലാം ആരോഗ്യ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ പ്യൂരിഫെയിംഗ് റെസ്പിറേറ്റര്‍ (പി.എ.പി.ആര്‍.) രൂപകല്പന ചെയ്തിരിക്കുകയാണ് കൊടകര സഹൃദയ എന്‍ഞ്ചിനീയറിംഗ് കോളേജിലെ ബയോമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍.

പി.പി.ഇ. കിറ്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. കിറ്റിനുള്ളിലേക്ക് വരുന്നതും,പുറം തള്ളുന്നതുമായ വായുവിനെ ശുദ്ധീകരിക്കാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ആശയ വിനിമയത്തിനായി മൈക്കും സ്പീക്കറും ഈ കിറ്റിലുണ്ട്. സക്യൂബാ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന തരം മാസ്‌കുകള്‍ (സ്‌നോര്‍ക്കലിം മാസ്‌ക്) രൂപമാറ്റം വരുത്തിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയ്ക്ക് തടസ്സം ഉണ്ടാകാത്തതിനാല്‍ ശസ്ത്രക്രിയാ സമയത്തും ധരിക്കാന്‍ സാധിക്കും. കൂടാതെ സാധാരണ പി.പി.ഇ കിറ്റ് ഉപയോഗിക്കുന്നതിനേക്കാള്‍ ചൂടും കുറവായിരിക്കും. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത കഴിഞ്ഞാല്‍ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വരെ ഈ പി.പിഇ. കിറ്റ് ഉപയോഗിക്കാനാകും. വിദേശനിര്‍മ്മിതമായ പവേര്‍ഡ് റെസ്പിറേറ്ററുകളെ അപേക്ഷിച്ച് വളരെ ചെലവ് കുറവാണ് ഇവര്‍ വികസിപ്പിച്ചെടുത്ത ഈ മോഡലിന്.

ക്ലിനിക്കല്‍ ടെസ്റ്റിങ്ങിനും വിലയിരുത്തലുകള്‍ക്കും ശേഷം കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഈ സംഘം. ബയോമെഡിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ എം.ബി. ലിന്‍ഡ എലിസബത്ത്,ഐശ്വര്യ എം രാജന്‍, ഇ. അനന്തന്‍,ആശിഷ് ആന്റണി ജെയിംസ് എന്നിവര്‍ വകുപ്പ് മേധാവി ഡോ. ഫിന്റോ റാഫേലിന്റെ നേതൃത്വത്തിലാണ് ഈ സുരക്ഷാ കവചം നിര്‍മ്മിച്ചത്..

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top