മാമ്പുഴ മാഷ്: ഒരു വേറിട്ട ചിത്രം – തയ്യാറാക്കിയത് കെ.വി മുരളി മോഹൻ

കേരള സാഹിത്യ അക്കാദമി ഈ വർഷം സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് തിരഞ്ഞെടുത്തിട്ടുള്ളത് ശ്രീ മാമ്പുഴ കുമാര മേനോൻ എന്ന ഞങ്ങളുടെ മാമ്പുഴ മാഷെ ആണ്. എഴുത്തു കാരനും, പ്രഭാഷകനും, നിരൂപകനുമൊക്കെ ആയ മാഷെക്കുറിച്ചു മാധ്യമങ്ങൾ ഇതിനകം തന്നെ ഏറെ പറഞ്ഞു കഴിഞ്ഞു. അർഹതക്കുള്ള അംഗീകാരം എന്ന ഒറ്റ വാക്കിൽ മാഷക്ക് ലഭിച്ച അംഗീകാരത്തെ വിശേഷിപ്പിക്കുന്നതാകും ഭംഗി.

ഇപ്പോൾ ചിന്തിക്കുമ്പോൾ മാഷെക്കുറിച്ചു മനസ്സിൽ തെളിഞ്ഞുവരുന്ന ചില ചിത്രങ്ങൾ ഇവിടെ പങ്കുവക്കുന്നു. ഒരു പക്ഷെ വേറിട്ടൊരു ചിത്രമാകാം ഇത്.

1976 ലാണ് ഞാൻ ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രിക്കു ചേരുന്നത്. അന്നൊക്കെ കോളേജിൽ ചേരുക എന്നത് ഇന്ന് വിദേശത്തെക്ക് പോകുന്ന പോലെ ആണ്. ക്രൈസ്റ്റ് കോളേജ് എന്ന് പറയുമ്പോൾ മാമ്പുഴ മാഷും, ഇളയത് മാഷും ആയിരുന്നു അമ്പലപരിസരക്കാർക്കു പെട്ടെന്ന് ഓർമയിൽ വരിക. മാമ്പുഴ മാഷ് പൊതുവേദികളിൽ അധികം വരാറില്ല. അന്നൊക്കെ പുറ്റുങ്ങൽ പാടം വഴിയാണ് കോളേജിൽ പോകുക. വെള്ളമുണ്ടും മടക്കിവച്ച ഫുൾ ഷർട്ടും അതാണ് മാമ്പുഴ മാഷുടെ വേഷം കൂടെ ചുരുട്ടിയ “കാലൻ”കുട ഉണ്ടാകും. സൈക്കിളാണ് എന്‍റെ പോക്ക്. മാഷന്മാരെ കണ്ടാൽ സൈക്കിൾ തിരിച്ചു വേറെ വഴിയിലൂടെ പോകുക ആണ് ചെയ്യാറ് കാരണം അവരെ കണ്ടാൽ സൈക്കിളിൽ നിന്ന് ഇറങ്ങി കുശലം പറയണം പിന്നെ കോളേജ് വരെ സൈക്കിൾ ഉന്തിക്കൊണ്ടു പോകണം.

ഒരു തവണ മാമ്പുഴ മാഷുടെ മുൻപിൽ ചെന്ന് പെട്ടു. ചിരിച്ചു കൊണ്ട് ചോദിച്ചു ” ക്ലാസ്സിൽ കാണാറില്ലല്ലോ” അല്പം ജാള്യതയോടെ ആയിരുന്നു എൻടെ മറുപടി” ഞാൻ ഹിന്ദി ആണ് എടുത്തത്” “ഓ അപ്പൊ പുറത്തേക്കാണ് നോട്ടം” ആ പറഞ്ഞതിന്ടെ അർത്ഥ തലങ്ങൾ മനസ്സിലാക്കാൻ ഏറെ നാൾ വേണ്ടിവന്നു.

1978 ലാണ് ഞാൻ ആദ്യമായി മാതൃഭൂമിയിൽ (വാരാന്തപതിപ്പ്); ലേഖനം പ്രസിദ്ധീകരിക്കുന്നത് മേളങ്ങളെപ്പറ്റി സമഗ്രമായ ഒരു ലേഖനം മാതൃഭൂമി ഇങ്ങോട്ടു ആവശ്യപ്പെട്ടപ്പോൾ ഏറെ ആഹ്ളാദമാണ് തോന്നിയത്. ലേഖനം എഴുതി രാമനാഥൻ മാഷെ കാണിച്ചു. ചില നിർദേശങ്ങൾ തന്നു. “കുമാരൻ മാഷെ കാണിച്ചോ?” എന്നദ്ദേഹം ചോദിച്ചു. എങ്കിൽ അദ്ദേഹത്തെയും കാണിക്കാം എന്ന് കരുതി. ഏറെ പേടിച്ചാണ് ലേഖനം കാണിച്ചത്. അദ്ദേഹത്തിന്ടെ അഭിനന്ദനം എനിക്ക് പ്രചോദനം നൽകി. വാരാന്തപ്പതിപ്പിൽ ഫുൾ പേജ് ലേഖനം കണ്ടപ്പോൾ ആദ്യമായി അഭനന്ദിച്ചവരിൽ കുമാരൻമാഷും ഉണ്ടായിരുന്നു.

മാമ്പുഴ മാഷേ കൂടുതൽ അടുത്തറിയുന്നത് ലൈബ്രറി തിണ്ണയിൽ വച്ചാണ്. അന്നത്തെ യുവാക്കളുടെ “മീറ്റിംഗ് പോയിൻറ്” ആയിരുന്നു മഹാത്മ ഗാന്ധി ലൈബ്രറി തിണ്ണ (ഇന്നും ആ പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്) ചിരിയും ചിന്തയും, കളിയും പിന്നെ അല്പം കുസൃതികളും ഒക്കെ ചേർന്നതായിരുന്നു ലൈബ്രറി തിണ്ണ. അവിടെ ഞങ്ങളുടെ ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു മാമ്പുഴ മാഷ്. മാഷ് ഞങ്ങൾക്ക് തന്ന പ്രചോദനം പറഞ്ഞറിയിക്കാൻ പ്രയാസം. മാഷുടെ വീടിനു തൊട്ടുള്ള പാർക്ക് മൈതാനിയിൽ അഖില കേരള ബാൾ ബാഡ്മിന്റൺ ടൂർണമെന്റിന്റെ നടത്തിപ്പിന് അദ്ദേഹം നൽകിയിരുന്ന പിന്തുണ ഇന്നും ഓർക്കുന്നു.

1980 ൽ മഹാത്മ ഗാന്ധി ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. സന്നദ്ധരായി ഞങ്ങൾ ചെറുപ്പക്കാർ. “എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളൂ” പലരും വാക്കുകൾ കൊണ്ട് പ്രചോദനം നൽകിയപ്പോൾ മാമ്പുഴ മാഷ് ഞങ്ങൾക്ക് കാപ്പിയും പലഹാരങ്ങളും കൊടുത്തയച്ചിട്ടാണ് പ്രചോദനം ഏകിയതു. മാഷുടെ മനുഷ്യത്വത്തിന് ഇതിലും വലിയ ഒരു ഉദാഹരണം എന്താണുള്ളത്.

മാഷുടെ ഫലിതത്തിന്ടെ രുചി അറിയുന്നത് അന്നത്തെ പോസ്റ്റുമാൻ വരുമ്പോൾ ആണ്. “സായ്പ്” എന്ന് നാട്ടുകാർ വിളിക്കുന്ന പോസ്റ്റുമാനും മാഷും ഫലിതം നിറഞ്ഞ ഒളിയമ്പെയ്തു രസിക്കുന്നതു അനുഭവിച്ചറിയേണ്ടത് തന്നെയായിരുന്നു.

ആ കായലയളവിൽ തന്നെയാണ് ആദ്യമായി ഉത്സവത്തിന്ടെ വെടിക്കെട്ട് ആദ്യമായി കുട്ടംകുളത്തിന്ടെ വക്കത്തു നടത്താൻ തീരുമാനിക്കുന്നത്. പടക്കം മാഷുടെ വീടിനുമുന്പിൽ നിന്നാരംഭിച്ചു കുട്ടംകുളത്തിന്ടെ വക്കത്തുള്ള പറമ്പിൽ ഫിനിഷ് ചെയ്യും. മിത ഭാഷിയും സൗമ്യ ശീലനുമായ മാഷ് അല്പം ദേഷ്യപ്പെടുന്നത് കണ്ടത് അന്നാണ്. “വീടിനു മുൻപിൽ വെടിക്കെട്ട് നടത്തുകയോ?” പക്ഷെ കാര്യങ്ങൾ ബോധ്യമായതോടെ അദ്ദേഹം അതിനു വേണ്ട സഹായങ്ങൾ ഒരുക്കി തന്നു.

സാഹിത്യത്തിനുള്ള വലിയൊരു പുരസ്കാരം നേടിയ മാമ്പുഴ മാഷെക്കുറിച്ചുള്ള വേറിട്ടൊരു ചിത്രം; അദ്ദേഹത്തിന്‍റെ പച്ചയായ മനുഷ്യനിലേക്കുള്ള ഒരു എത്തിനോട്ടം അതാവട്ടെ ഇന്നത്തെ “സ്പെഷ്യൽ”

തയ്യാറാക്കിയത് കെ.വി മുരളി മോഹൻ

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top