റോഡ് 17 മീറ്ററായായി വീതികൂട്ടി ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി

ഇരിങ്ങാലക്കുട : നിലവിലെ റോഡ് 17 മീറ്ററായായി വീതികൂട്ടി ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി ലഭിച്ചതായി ഇരിങ്ങാലക്കുട എം എൽ എയും ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദുവിന്‍റെ ഓഫീസ് അറിയിച്ചു. ഇതിനായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുക. ഭൂമിയുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ കളക്ടർക്കും നിർദ്ദേശം ലഭിച്ചു.

കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകൾ. ഈ റോഡിന്റെ വികസനം സംസ്ഥാന പാതയിലെ യാത്രക്കാർക്കും, ഇരിങ്ങാലക്കുട നഗരത്തിലെ യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകും.

ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാണ് റോഡ് വീതികൂട്ടൽ. റോഡ് വികസനത്തിന്‍റെ ഭാഗമായി ഠാണ മുതല്‍ ചന്തക്കുന്ന് വരെയാണ് റോഡിന് വീതി കൂട്ടുന്നത്. ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഉൾപ്പെടുന്ന ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്‍റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഠാണ – ചന്തകുന്ന് റോഡ് വികസനം.

ഇതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്‍റെ അടിയന്തിര ഇടപെടലിന്‍റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കിയത്. നിലവിലെ റോഡ് 17 മീറ്ററായാണ് വീതി കൂട്ടുക.

Leave a comment

Top